കോട്ടയം: രാജ്യം ഹിന്ദുത്വ വത്കരിക്കാനാണ്‌ നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗുരുതരമായ സാഹചര്യത്തിലാണ് ഇന്ത്യ. ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന മോദി ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നു. മൻമോഹൻ സിംഗും പ്രകാശ് കാരാട്ടും എല്ലാ അഭയാർത്ഥികൾക്കും സുരക്ഷിതത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടത്. അതിൽ മതപരമായ വിവേചനമില്ല. എന്നാൽ എന്താണ് മോദി ചെയ്യുന്നത്. രാജ്യത്ത് ആഭ്യന്തര യുദ്ധമാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെപ്പോലും തല്ലിച്ചതയ്ക്കുന്നു. ചോദ്യം ചെയ്യുന്നവരെ ദേശ വിരുദ്ധരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ എന്നിവരും പങ്കെടുത്തു.