വൈക്കം : പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജന കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തിൽ വിപുലമായ കർമ്മ പരിപാടികളോടെ തുടക്കം കുറിക്കുന്നു. രാജ്യസഭാംഗമായ ബിനോയ് വിശ്വമാണ് പദ്ധതിയിൽ തലയാഴം പഞ്ചായത്തിനെ ഉൾപ്പെടുത്തിയത്.
ഒരു വർഷക്കാലം നാലു ഘട്ടങ്ങളിലായി നടപ്പാക്കാണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കണമെന്ന് കളക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിൽ ബിനോയ് വിശ്വം എം.പി വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
മൂന്നു മാസം, ആറു മാസം, ഒൻപതു മാസം, പന്ത്രണ്ടു മാസം എന്നിങ്ങനെയാണ് പദ്ധതിനടപടികൾ ആസൂത്രണം ചെയ്യേണ്ടത്. ജനുവരി പത്തിന് രാവിലെ 11ന് തലയാഴം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രത്യേക ശിൽപ്പശാലയിൽ ഓരോ വകുപ്പും പഞ്ചായത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കും.
ജില്ലാതല സമിതി രൂപീകരിച്ചശേഷം ജനുവരി 29ന് തലയാഴത്ത് പദ്ധതിയുടെ ജനകീയ പ്രഖ്യാപനം നടത്തും. പദ്ധതി നടപ്പാക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ, പദ്ധതിയുടെ നോഡൽ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ സഫിയ ബീവി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു