കുമരകം: കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിലുണ്ടായിരുന്ന വിദ്യാർത്ഥിനി കെ. എസ്. ആർ. ടി.സി ബസ് കയറി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
പുത്തനങ്ങാടി പുത്തൻ പറമ്പിൽ അനഘ അജയനാണ് (16) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന താഴത്തങ്ങാടി സ്വദേശി അനിരുദ്ധ് (22) ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമരകം കൈപ്പുഴ മുട്ട് ഭാഗത്തായിരുന്നു അപകടം.
അനിരുദ്ധ് ഓടിച്ച ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയും തെറിച്ചുവീണ അനഘയുടെ ശരീരത്തിലൂടെ എതിരെ വന്ന ബസ് കയറിയിറങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് കാറുമായും കൂട്ടിയിടിച്ചു. നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനഘ മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. അനഘയുടെ അമ്മ കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. അനിരുദ്ധിന്റെ കാലിന് ഗുരുതര പരിക്കുണ്ട്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.