കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ പള്ളം തീർത്ഥാടക സമിതി നയിക്കുന്ന 37-ാമത് ശിവഗിരിതീർത്ഥാടന പദയാത്ര നാഗമ്പടം ശ്രീമഹാദേവക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്ന് പ്രയാണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 4ന് തേന്മാവിൻ ചുവട്ടിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പദയാത്ര ക്യാപ്ടൻ കെ.കെ. വിജയകുമാറിന് പീതപതാക കൈമാറി തീർത്ഥാടകരെ ആശീർവദിച്ചു. 1928 ജനുവരി 16ന് ശ്രീനാരായണഗുരുദേവൻ നാഗമ്പടത്തെ തേന്മാവിൻ ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, മാലിയിൽ ടി.കെ. കിട്ടൻ റൈറ്റർ എന്നിവർ ശിവഗിരി തീർത്ഥാടനമെന്ന ആശയവുമായി സമീപിക്കുന്നത്. അന്നുതന്നെ ഗുരുദേവൻ അനുമതി നൽകിയെങ്കിലും പിന്നീട് 5 വർഷത്തിന് ശേഷമാണ് ശിവഗിരി തീർത്ഥാടനം യാഥാർത്ഥ്യമായത്. ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ച തേന്മാവിന് പ്രദക്ഷിണം വച്ച് സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തോളം പീതാംബരധാരികളാണ് ശിവഗിരിയിലേക്ക് കാൽനടയാത്രയായി പുറപ്പെട്ടത്. ഉദ്ഘാടന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ പദയാത്ര സന്ദേശം നൽകി. പള്ളം പദയാത്രാസമിതി ഏർപ്പെടുത്തിയ വിദ്യാഭ്യാസ കാഷ് അവാ‌ർഡുകളും അദ്ദേഹം വിതരണം ചെയ്തു. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി, യൂണിയൻ കൗൺസിലർമാരായ സാബു ഡി. ഇല്ലിക്കളം, സജീഷ് കുമാർ മണലേൽ, അഡ്വ. ശിവജിബാബു, എസ്. ധനീഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, പദയാത്ര സമിതി ചെയർമാൻ വി.ജി. രവി, സെക്രട്ടറി ജി. സാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് സ്വാഗതവും പദയാത്ര ക്യാപ്ടൻ കെ.കെ. വിജയകുമാർ നന്ദിയും പറഞ്ഞു. എല്ലാവർഷവും പന്തളത്ത് എത്തുന്ന നാഗമ്പടം പദയാത്രികർക്ക് ഭക്ഷണവും വിശ്രമവുമുൾപ്പെടെ ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കുന്ന ഗുരുഭക്തൻ പന്തളം പ്രകാശ് ഭവനിൽ കെ.കെ. തങ്കച്ചനെ ചടങ്ങിൽ ആദരിച്ചു.

വൈകിട്ട് 5ന് നാഗമ്പടത്ത് നിന്ന് പുറപ്പെട്ട പദയാത്ര രാത്രി 8.30ന് പള്ളത്ത് സമാപിച്ചു. ഇന്ന് രാവിലെ പ്രയാണം തുടരുന്ന തീർത്ഥാടനം 30ന് രാത്രി 8ന് ശിവഗിരി മഹാസമാധി മന്ദിരത്തിൽ എത്തിച്ചേരും. ഇതുകൂടാതെ മറ്റ് രണ്ട് പദയാത്രകൾകൂടി ഇന്നലെ തേന്മാവിന് പ്രദക്ഷിണംവച്ച പുറപ്പെട്ടിരുന്നു.