ksrtc

പാലാ : 'ഇന്നെന്താ സാർ ഏഴാച്ചേരി വഴി 10.30 നു പാലായ്ക്കുള്ള ബസില്ലേ...' പാലാ കെ.എസ്.ആർ. ടി.സി ഡിപ്പോയിലേക്ക് ഫോൺ ചെയ്ത യാത്രക്കാരന് കിട്ടിയത് എട്ടിന്റെ മറുപടി. ' ഡ്രൈവർമാരെല്ലാം ക്രിസ്മസ് ലഹരിയിലായതിനാൽ ബസില്ല'. ക്രിസ്മസിന്റെ തലേന്നേ 'ലഹരി' തുടങ്ങിയോ 'കൊള്ളാം, കൊള്ളാം' എന്ന് പ്രതികരിച്ച് കൊണ്ട് യാത്രക്കാരൻ ഫോൺ കട്ട് ചെയ്തു. യാത്രക്കാരൻ തന്നെ പിന്നീട് ഈ ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥന്റെ ക്രിസ്മസ് ലഹരി മറുപടി വൈറലായി. ഫോണെടുത്ത ഉദ്യോഗസ്ഥനും ക്രിസ്മസ് ലഹരിയുണ്ടോ? ഡ്രൈവർമാരോട് ഇത്ര കലിപ്പ് വരാൻ. കെ.എസ്.ആർ.ടി.സിയുടെ പിതാമഹനെ വരെ തപ്പിയ ട്രോളുകളും നിമിഷങ്ങൾക്കുള്ളിൽ മൊബൈലിലൂടെ പറ പറന്നു. ഇതിനിടെ സംഭാഷണത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി ഉന്നതാധികാരികൾക്കും വിവരം ലഭിച്ചു. അന്വേഷണവും ആരംഭിച്ചു. കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗവും ' ലഹരി മറുപടിക്കാരനെ ' തപ്പി വരികയാണ്. സഹപ്രവർത്തകർക്ക് ലഹരി ചാർത്തിക്കൊടുത്ത, സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ഫോണെടുത്ത, സഹപ്രവർത്തകനെ പാലാ ഡിപ്പോയിലെ ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പണികിട്ടുമെന്ന് ഉറപ്പായതോടെ വിവാദ ഫോൺ സംഭാഷണക്കാരൻ ചില യൂണിയൻ നേതാക്കളുടെ കാലുതിരുമ്മിത്തുടങ്ങി എന്നാണ് അണിയറ വർത്തമാനം.