d

വൈക്കം: ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാരും ചെങ്കൊടി പ്രസ്ഥാനവും ഉള്ള കാലത്തോളം ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള വർഗീയ അജണ്ട നടപ്പിലാക്കാൻ കഴിയില്ലെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീംങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാഗവും സഹോദരീ-സഹോദരൻമാരുമാണ്. ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതാണ് പൗരത്വബിൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് രാജ പറഞ്ഞു. അദാനി-അംബാനി കോർപ്പറേറ്റുകൾക്കുവേണ്ടിയാണ് കേന്ദ്രഭരണം. കൃഷിയും വ്യവസായവും അടക്കം എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. സാമ്പത്തിക മാന്ദ്യം രാജ്യത്തെ സമ്പദ് ഘടനയെ തകർത്തെറിയുകയാണ്. ഇതിനെതിരായ ജനകീയ സമരത്തിന്റെ മുന്നോടിയാണ് ജനുവരി എട്ടിലെ പൊതുപണിമുടക്ക്. വൈക്കം ഒരു ചരിത്രമാണെന്നും ഗാന്ധിജി പങ്കെടുത്ത സമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് വൈക്കം എന്ന നാമമെന്നും അദ്ദേഹം പറഞ്ഞു.