കോട്ടയം: കരകൗശല കൈത്തറി മേളയ്ക്ക് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹാന്റിക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണറേറ്റിന്റെ സഹായത്തോടെ കേരളകരകൗശല വികസന കോർപ്പറേഷനാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം കരകൗശല കൈത്തറി ഉത്പാദകരുടെ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. രാജസ്ഥാൻ ഹാന്റ് എംബ്രോയ്ഡറി മോജഡി ചെരുപ്പുകൾ, ബഡ്ഷീറ്റ്, പഞ്ചലോഹമോതിരം, ഹൈദരാബാദ് പേൾ, പ്രഷ്യസ് സെമി പ്രെഷ്യസ് സ്റ്റോൺ മാലകൾ, രുദ്രാക്ഷമാലകൾ, ഭഗൽപുരി സിൽക്ക് സാരികൾ, ചുരിദാർ മെറ്റീരിയൽസ്, ഷർട്ട്, മീററ്റ് ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, കൂർത്ത, തമിഴ്നാട്ടിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമുള്ള ജൂട്ട് ബാഗുകൾ ചെട്ടിനാട് സാരികൾ, വാഴനാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, തടി ശില്പങ്ങൾ, രവിവർമ ചിത്രങ്ങൾ, പാലക്കാടൻ കറിക്കത്തികൾ തുടങ്ങി എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ആവശ്യമായ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മേള. ജനുവരി 2ന് സമാപിക്കും.