p

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം തൊഴിലാളികളുടെ കരുത്തും കൂട്ടായ്മയും വിളിച്ചോതി. വടക്കേകവലയിൽ നിന്നും ഇന്നലെ വൈകിട്ട് 5.30 ന് സമ്മേളന സ്ഥലമായ ബോട്ട് ജെട്ടി മൈതാനത്തേക്കാണ് പ്രകടനം പുറപ്പെട്ടത്. നഗരവീഥി നിറഞ്ഞൊഴുകിയ പ്രകടനം യൂണിയന്റെ സംഘടനാബലവും ആഘോഷത്തിന്റെ പ്രൗഡിയും പ്രകടമാക്കി. വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും കൊടിതോരണങ്ങളും പ്രകടനത്തെ ആവേശഭരിതമാക്കി. സി.പി.ഐ. ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.കെ. ശശിധരൻ, യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി. ബിനു, സെക്രട്ടറി ടി.എൻ. രമേശൻ, സി.കെ. ആശ എം.എൽ.എ, കെ.ഡി. വിശ്വനാഥൻ, എം.ഡി. ബാബുരാജ്, ആർ. സുശീലൻ, കെ. അജിത്ത്, പി. സുഗതൻ, പി.എസ്. പുഷ്പമണി, ഡി. രഞ്ജിത്ത് കുമാർ, എം.എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി.