കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്ക്. പൊൻകുന്നം - പൈക റോഡിൽ ഒന്നാം മൈലിലായിരുന്നു അപകടം. കണ്ണൂർ സ്വദേശി സുനിയാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ സ്വദേശികളായ നാലു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. വാഗൺ ആർ കാറാണ് അപകടത്തിൽപ്പെട്ടത്. പൊൻകുന്നം എസ്.ഐ ജോൺസൺ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. രാത്രിയിൽ വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തി പൊൻകുന്നം പൊലീസ് ചുക്കുകാപ്പി വിതരണം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഗൺ ആറിലെ ഡ്രൈവർക്കും യാത്രക്കാർക്കും കാപ്പി നല്കിയിരുന്നു. ഡ്രൈവർക്ക് ഉറക്കം വരാതിരിക്കാനാണ് കാപ്പി നല്കുന്നത്. എന്നാൽ കാപ്പി കുടിച്ച് രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിയതാവില്ല അപകടത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. വാഹനത്തിന് തകരാർ സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. സുനിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.