ഈ വർഷം മോഷണം പോയത് 79 ബൈക്കുകൾ

കോട്ടയം : കഞ്ചാവും ലഹരിമരുന്നുകളും അതിർത്തി കടത്താൻ മാഫിയാ സംഘം ആശ്രയിക്കുന്നത് മോഷ്ടിച്ചെടുക്കുന്ന ഇരുചക്ര വാഹനങ്ങൾ. ഈ വർഷം ജില്ലയിൽ 79 ബൈക്കുകൾ മോഷണം പോയതായാണ് പൊലീസിന്റെ കണക്കുകൾ. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗറിൽ പൊലീസ് രണ്ടു യുവാക്കളെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. കാറുകളിലും ബസുകളിലും പച്ചക്കറി വണ്ടികളിലും നേരത്തെ വൻ തോതിൽ കഞ്ചാവ് കേരളത്തിലേയ്‌ക്ക് എത്തിച്ചിരുന്നു. എന്നാൽ ഇത് പിടികൂടി തുടങ്ങിയതോടെയാണ് പുതിയ വഴി മാഫിയസംഘം തേടിയത്.

കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എന്ന വ്യാജേനെയാണ് ബൈക്കുകളിൽ കഞ്ചാവ് കൊണ്ടു വരുന്നത്. ബൈക്ക് യാത്രക്കാരെ ഹെൽമറ്റും ലൈസൻസും അടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷം പൊലീസ് വിട്ടയക്കാറാണ് പതിവ്. ബാഗുകൾ ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്‌ക്കു വിധേയരാക്കാറില്ല. ഇതാണ് സംഘം മുതലെടുക്കുന്നത്.

ആശുപത്രികളിലും, റെയിൽവേ സ്റ്റേഷനിലും തിരക്കേറിയ സ്ഥലങ്ങളിലും പാർക്ക് ചെയ്‌തിരിക്കുന്ന ഇരുചക്ര വാഹനങ്ങളാണ് ബൈക്ക് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

കഞ്ചാവ് കടത്തും, ബൈക്ക് ഉപേക്ഷിക്കും

ലഹരിക്കടത്തിന് പോകുന്നതിനു തൊട്ടുമുൻപാണ് കഞ്ചാവ് മാഫിയ സംഘം ബൈക്കുകൾ മോഷ്ടിക്കുക. മോഷ്ടിച്ച ബൈക്കുകൾ 24 മണിക്കൂറിൽ കൂടുതൽ കൈയിൽ സൂക്ഷിക്കാറില്ല. കഞ്ചാവ് എത്തിച്ച് സുരക്ഷിതമായി ശേഖരിച്ച് വച്ച ശേഷം ബൈക്ക് തിരക്കൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഏഴ് ബൈക്കാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ മാത്രമുള്ളത്. കെ.എസ്.ആർ.ടി.സിയ്ക്ക് സമീപം തിയേറ്റർ റോഡിലും സമാന രീതിയിൽ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഗോവയിൽ നിന്ന് വീര്യം കൂടിയ ലഹരി

ഗോവയിൽ നിന്ന് കാസർകോട് വഴി വൻ തോതിൽ വീര്യം കൂടിയ ലഹരി മരുന്നുകൾ ജില്ലയിൽ എത്തുന്നതായി പൊലീസ് കണ്ടെത്തി. കാസർകോട്, കോഴിക്കോട് കൊച്ചി ബെൽറ്റ് വഴിയാണ് ജില്ലയിലേയ്‌ക്ക് ലഹരിമരുന്നുകൾ എത്തുന്നത്. കോളേ‌ജ് വിദ്യാർത്ഥികളാണ് ആവശ്യക്കേരിലേറെ.