gunda

കോട്ടയം : അയ്മനത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു, ഒരാളുടെ വീട് അടിച്ചു തകർത്തു. ഗുണ്ടാനേതാവ് വിനീത് സഞ്ജയന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഡി.വൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവർക്കാണ് വെട്ടേറ്റത്. നിധീഷിന്റെ ഇരുകാലിലും വെട്ടിയ പ്രതികൾ, അതുലിന്റെ തല അടിച്ച് തകർത്തു. ഡിവൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ (26) വീടാണ് അടിച്ചു തകർത്തത്.

ക്രിസ്‌മസ് ദിനത്തിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.

പ്രദേശത്ത് കഞ്ചാവ് വില്പനയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എതിർത്തിരുന്നു. ഇതേച്ചൊല്ലി ഇരുകൂട്ടരും ഏറ്റുമുട്ടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ വിനീത് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് തന്നെ അറസ്റ്റ് ചെയ്യിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടോടെ ചെങ്ങളം കളപ്പുരയ്ക്കൽ പനഞ്ചേരിൽ ബൈജുവിന്റെ വീട് കയറി ആക്രമിച്ചു. ബൈജുവിന്റെ മകൻ അതുലിനെ തേടിയാണ് സംഘം എത്തിയത്. വീടിനുള്ളിലേക്കു പടക്കം എറിഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

അതുലിന്റെ വീട്ടിൽ ആക്രമണം നടന്ന വിവരം അറിഞ്ഞാണ് നിധീഷും അരുണും ബൈക്കിൽ പുറപ്പെട്ടത്. ഈ സമയം അക്രമി സംഘം എതിർദിശയിൽ നിന്ന് എത്തി. തുടർന്ന് നിധീഷിനെയും അരുണിനെയും ആക്രമിക്കുകയായിരുന്നു. വടിവാളും മറ്റ് മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. വെട്ടേറ്റ് റോഡിൽ വീണ നിധീഷിന്റെ തലയ്‌ക്ക് അടിച്ചു. തുടർന്ന് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കുമായി സംഘം രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച നിധീഷിന്റെ കാലിന് അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവരും. വധശ്രമത്തിന് പ്രതികൾക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.