s

പാലാ : 87ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രവും സംയുക്തമായി നടത്തുന്ന 7ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പവിത്രമായ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. 25 ന് പുലർച്ചെ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ പദയാത്ര ഉദ്ഘാടന സമ്മേളനം നടന്നു. ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തിയുടെ ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിൽ മീനച്ചിൽ യൂണിയൻ കൺവീനറും പദയാത്ര ക്യാപ്ടനുമായ അഡ്വ.കെ.എം.സന്തോഷ്‌കുമാർ ആമുഖപ്രസംഗം നടത്തി. ഇടപ്പാടി ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർത്ഥ തീർത്ഥാടന സന്ദേശം നൽകി. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അഡ്വ.കെ.എം.സന്തോഷ് കുമാറിന് ധർമ്മപതാക കൈമാറി പദയാത്ര ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.ശാർങ്ധരൻ, സജീവ് വയല, ലക്ഷ്മിക്കുട്ടി ടീച്ചർ, മിനർവ മോഹൻ എന്നിവർ ആശംസകൾ നേർന്നു. ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടികന്നേൽ നന്ദി പറഞ്ഞു. മീനച്ചിൽ യൂണിയന് കീഴിലെ പന്തീരായിരത്തോളം അംഗവീടുകളിൽ നിന്ന് ഭക്തർ നൽകിയ കാണിപ്പൊന്നും വഹിച്ചാണ് ഇത്തവണത്തെ തീർത്ഥാടനം. വിവിധ യൂണിയനുകളുടെയും , ശാഖായോഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി 30 ന് ശിവഗിരികുന്നിൽ പദയാത്ര എത്തിച്ചേരും.