കോട്ടയം: നൂറും ഇരുന്നൂറും ഒന്നുമില്ല, കോട്ടയത്തിന്റെ സായാഹ്നങ്ങൾ തുച്ഛമായ ഫീസ് നൽകി ഉല്ലാസപ്രസമാക്കാൻ നഗരസഭയുടെ നെഹ്‌റു പാർക്ക് തയ്യാർ. കോട്ടയം നഗരത്തിൽ കുര്യൻ ഉതുപ്പ് റോഡിലെ നഗരസഭ പാർക്ക് വർഷങ്ങൾക്ക് ശേഷം തുറന്നു നൽകുമ്പോൾ ഉല്ലാസത്തിന്റെ മറ്റൊരു ലോകമാണ് തുറക്കുന്നത്. ക്രിസ്‌മസ് തലേന്ന് മന്ത്രി എ.സി മൊയ്‌തീനാണ് പാർക്ക് സാധാരണക്കാർക്കായു തുറന്നു നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദിവസവും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയാണ് പാർക്ക് പ്രവർത്തിക്കുന്നത്. നഗരത്തിലെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്‌തമായി പത്തു രൂപ മാത്രമാണ് കുട്ടികൾക്ക് ഇവിടെ പ്രവേശന ഫീസ്. അഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു മാത്രം ഫീസ് നൽകിയാൽ മതിയാവും. മുതിർന്നവർക്ക് ഇരുപത് രൂപയാണ് പ്രവേശന ഫീസ്.

2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരിച്ചിരിക്കുന്നത്. ഇതിൽ 1.62 കോടി രൂപ എം.എൽ.എ ഫണ്ടാണ്. 45 ലക്ഷം രൂപയാണ് കോട്ടയം നഗരസഭ കണ്ടെത്തിയിരിക്കുന്നത്. പാർക്കിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ കുട്ടികൾക്കുള്ല വിനോദോപാധികൾ, നടപ്പാത, പുൽത്തകിടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ എന്നിവയും പാർക്കിൽ ക്രമീകരിച്ചിട്ടുണ്ട്.

നേരത്തെ ഒരു മഴ പെയ്‌താൽ പാർക്ക് വെള്ളത്തിൽ മുങ്ങുമായിരുന്നു. ഇത് ഒഴിവാക്കാനായി പാർക്ക് മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. പ്രശസ്‌ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച മൂന്നു കോടി രൂപ വില വരുന്ന ശില്‌പങ്ങൾ പാർക്കിലുണ്ട്. ഇത് സൗജന്യമായാണ് അദ്ദേഹം നിർമ്മിച്ച് നൽകിയത്. പുതുവർഷത്തിന്റെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയ കുട്ടികളുടെ കലാപ്രകടനങ്ങൾ ഇവിടെ നടക്കും.