ഏഴാച്ചേരി : കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര കളി വഴിപാട് ഇന്ന് നടക്കും. ദീർഘമാംഗല്യ യോഗത്തിനും, വിവാഹ തടസം മാറാനും സ്ത്രീകൾ വ്രതം നോറ്റ് തിരുവാതിര കളി ഒരു വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ഇത്തവണ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുപതിൽപ്പരം ടീമുകളെയാണ് തിരുവാതിര കളി വഴിപാടിനായി ദേവസ്വം തിരഞ്ഞെടുത്തിട്ടുള്ളത്.

വഴിപാട് നടത്താൻ പേരുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്ന ടീമുകളെ നറുക്കെടുത്താണ് കളിക്കാൻ അവസരം കൊടുക്കുന്നത്. ഒരോ ടീമിനും കളിക്കാനുള്ള സമയവും നറുക്കെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നത്. ഇത്തവണ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ടീമുകൾ വൈകിട്ട് 6 മണിക്ക് കാവിൻപുറം ദേവസ്വം ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവാതിര കളി വഴിപാട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 8.30 ന് നവഗ്രഹ പൂജയും ഹോമവും. 9 മുതൽ കലവറ നിറയ്ക്കലും നടക്കും.. 9.30 മുതൽപനച്ചിക്കാട് ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിദ്യാഗോപാലമന്ത്രാർച്ചന. 11ന് മീനാക്ഷി . എസ്. നായരുടെ ഓട്ടൻതുള്ളൽ. 12. 30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30ന് നടക്കുന്ന തിരുവാതിര കളി വഴിപാട് ഹൈന്ദവ സമുദായങ്ങളിലെ വനിതാ വിഭാഗം നേതാക്കളായ സുഷമ ഗോപാലകൃഷ്ണൻ, സോളി ഷാജി, രജനി വിനോദ് , അഞ്ജലി മോഹൻ, സംഗീത എം.ടി. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 6.30ന് ദീപാരാധന. 6.45 ന് മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന സൂപ്പർ മാജിക് മെന്റലിസം ഷോ. തുടർന്ന് തിരുവാതിര കളി വഴിപാട്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. പങ്കെടുക്കുന്ന ബാലികമാർക്കെല്ലാം പ്രത്യേകം പുരസ്‌ക്കാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് 6ന് പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്രയും നടക്കും.