തലയോലപ്പറമ്പ് : ബാങ്ക് വായ്പ കുടിശികയായി ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയതിന്റെ മനോവിഷമത്തിൽ കുഴഞ്ഞുവീണ തലയോലപ്പറമ്പ് പൈനാപ്പള്ളിൽ പി.രാജപ്പൻ (78) മരിച്ചു. വൈക്കം അർബൻ ബാങ്കിൽ നിന്ന് ഏഴ് വർഷം മുൻപാണ് രാജപ്പൻ 10 ലക്ഷം രൂപ വായ്പ എടുത്തത്. പല തവണകളിലായി എട്ട് ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നു. തുടർച്ചയായി ഉണ്ടായ രണ്ട് പ്രളയത്തിൽ ഇദ്ദേഹത്തിന്റെ വാഴ, കപ്പ തുടങ്ങിയ കൃഷികൾ പൂർണ്ണമായി നശിച്ചതിനെ തുടർന്ന് വായ്പയുടെ തിരിച്ചടവ് മുടങ്ങി. തുടർന്ന് 12 ഗഡുക്കളായി വായ്പ തിരിച്ചടക്കുന്നതിന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഡിസംബർ മാസം ആദ്യം ആദ്യ ഗഡു അടക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ 13 ന് ബാങ്ക് അധികൃതർ വീട്ടിൽ എത്തി ജപ്തി നോട്ടീസ് പതിച്ച് മടങ്ങുന്നതിനിടെ രാജപ്പൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജപ്പൻ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരിച്ചു. ഭാര്യ : ലീല തോട്ടകം വാതശ്ശേരിൽ കുടുംബാംഗം.മക്കൾ : പി.ആർ സുനിൽ, മഞ്ജു, രഞ്ജു. മരുമക്കൾ : ദീപ്തി (ഏനാദി), ബൈജു (തലയോലപ്പറമ്പ്),സുരേഷ് (ഇറുമ്പയം). സംസ്കാരം നടത്തി.