പാലാ : ഇരിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പാഴുമൊക്കെ കരൂർ ഈസ്റ്റ് ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് ഇനി കൂട്ടായി 'ഛോട്ടാ ഭീമും ബാർബി"യുമുണ്ടാകും.
കുട്ടികൾക്കായി ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ മാനുവൽ മാത്യുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ബഞ്ചും ഡസ്‌ക്കും ഉൾപ്പടെയുള്ള പഠനോപകരണങ്ങളിലാണ് കുട്ടി കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ചു ചേർത്തിട്ടുള്ളത്. തങ്ങളുടെ ജീവനായ കുസൃതി കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പാൾ കുട്ടികളുടെ മാനസികോല്ലാസം വർദ്ധിക്കുമെന്ന തിരിച്ചറിവിലാണ് പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും ചേർന്ന് ഇങ്ങനെയൊരാശയത്തിന് രൂപം നൽകിയത്. ഇത്തരത്തിലുള്ള പത്ത് ഡസ്‌ക്കും പത്ത് ബഞ്ചുമാണ് ഫെഡറൽ ബാങ്ക് സ്‌കൂളിന് സംഭാവന ചെയ്തത്.അക്ഷരപുണ്യം പകർന്ന തന്റെ പ്രിയ സ്‌കൂളിന് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ്ഡിന്റെ വക അരലക്ഷം രൂപയുടെ സഹായം ! ഇതിന്റെ സമർപ്പണവും ക്രിസ്തുമസ് ആഘോഷവും ഇടനാട് സഹകരണബാങ്ക് സൂര്യഗ്രഹണം കാണാൻ കൊച്ചു കൂട്ടുകാർക്കു നൽകിയ സൂര്യഗ്രഹണ ദർശിനിയുടെ സമർപ്പണവും സംയുക്തമായി കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്നു.
കരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഓമന ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ് ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ നേർ ചിത്രമൊരുക്കിയ ബ്രോഷറിന്റെ പ്രകാശനം കരൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജയൻ കൊല്ലൻപറമ്പിൽ നിർവഹിച്ചു. സൂര്യഗ്രഹണ ദർശിനിയുടെ വിതരണോദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് മെമ്പറും ഇടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ .പി.എസ്.ജയകുമാർ നിർവ്വഹിച്ചു. ഷാജു തോമസ് (ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച്‌ഹെഡ്),എസ്.എം.സി ചെയർമാൻ കെ.എൻ. സതീശൻ, അദ്ധ്യാപിക പുഷ്പ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് താരമ്മ ജോസഫ് സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.