
പാലാ: കെട്ടിട നിർമ്മാണ തൊഴിലാളിയും തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയും ഇരുപതു വർഷമായി പാലാ മുരിക്കും പുഴയിൽ താമസക്കാരനുമായ ഉണ്ണി ഒരു കൗതുകത്തിനായിട്ടാണ് പണി കഴിഞ്ഞു വരുമ്പോൾ വഴിയോരങ്ങളിൽ ഉപേക്ഷിച്ച ബിയർ കുപ്പികൾ ശേഖരിച്ചത്. എല്ലാവർഷവും ക്രിസ്മസ് ദിനത്തിൽ
വ്യത്യസ്തമായ വസ്തുവകകൾ കൊണ്ട് പുൽക്കൂടുകൾ നിർമ്മിക്കുന്ന ഉണ്ണി ഈ വർഷം ഇത് കുപ്പികൾ കൊണ്ടാവട്ടെ എന്നു തീരുമാനിച്ചു. ചെലവ് കണക്കുകൂട്ടിയപ്പോൾ നിർമ്മാണച്ചിലവ് താങ്ങാനാവില്ല, വിവരം കോൺട്രാക്ടറായ ശെൽവരാജിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹായവാഗ്ദാനം. ഒടുവിൽ ഉണ്ണിയും കൂട്ടുപണിക്കാരായ നാലുപേരും ചേർന്ന് ഡിസംബർ 1ന് പുൽക്കൂട് നിർമ്മാണം ആരംഭിച്ചു. കുപ്പികൾ കൊണ്ടുള്ള നിർമ്മാണത്തിന് മുന്നോടിയായി ഇരുമ്പു കമ്പികൾ വെൽഡുചെയ്ത പത്തടി ഉയരമുള്ള ഒരു കൂട് നിർമ്മിച്ചു. തുടർന്ന് ശേഖരിച്ച കുപ്പികൾ കൂടാതെ 1200 കുപ്പികൾ വിലയ്ക്കും വാങ്ങി നിർമ്മാണം ആരംഭിച്ചു. പകൽ സമയങ്ങളിൽ പണിയ്ക്കു പോവുകയും രാത്രി 9 മുതൽ 11 വരെ പുൽക്കൂടു നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്തു. ഒടുവിൽ ഇരുപതു ദിവസങ്ങൾക്കു ശേഷം ഉണ്ണിയുടെ പുൽക്കൂട് പൂർത്തിയായി. വെൽഡുചെയ്ത കൂടാരത്തിനു മുകളിൽ പ്രത്യേക രീതിയിൽ കുപ്പികൾ ഘടിപ്പിച്ചായിരുന്നു നിർമ്മാണം: ഒരോ ബിയർ കുപ്പികളും കഴുകിയെടുത്ത് പുറത്തുള്ള സ്റ്റിക്കർ നീക്കം ചെയ്ത ശേഷമായിരുന്നു നിർമ്മാണം. ഒാരോ കുപ്പിക്കുള്ളിലും ചെറിയ എൽ.ഇ.ഡി. ബൾബുകളും ഫിറ്റ് ചെയ്തു. ഉണ്ണീശോയുടെ കൂട് കാണാനും അഭിനന്ദിക്കാനും നിരവധിപ്പേർ എത്തിയപ്പോൾ ഉണ്ണിയ്ക്കുകിട്ടിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. അടുത്ത വർഷത്തേക്ക് വ്യത്യസ്തമായ പുൽക്കൂടു നിർമ്മാണത്തിനും ഈ 36കാരൻ തയ്യാറായിക്കഴിഞ്ഞു.