car
ചിത്രം. പൊടി മുടി കിടക്കുന്ന കാര്‍

അടിമാലി: റോഡ് നിർമ്മാണം വൈകുന്നതിനാൽ പൊടി ശല്യത്താൽ പൊറുതി മുട്ടുകകയാണ് അടിമാലി പ്രിയദർശിനി കോളനിയ്ക്ക് സമീപമുള്ള ഒരു പറ്റം കുടുംബങ്ങൾ. റോഡിലെ കുഴി നികത്താൻ മാസങ്ങൾക്ക് മുമ്പ് മണ്ണ് കൊണ്ടിറക്കിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വാഹനങ്ങൾ കടന്നു പോകുന്നതോടെ പ്രദേശമാകെ പൊടിപടലം മൂടും. സദാസമയവും വാതിലുകളും ജനാലകളും അടച്ചിട്ടില്ലെങ്കിൽ വീടുകൾക്കുള്ളിലും പൊടി നിറയും. പൊടി ശല്യം രൂക്ഷമായതോടെ കൈകുഞ്ഞുങ്ങൾക്കടക്കം പനിയും ജലദോഷവും വിട്ടുമാറാതെയായി. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് മുതൽ കളക്ട്രേറ്റിൽ വരെ കുടുംബങ്ങൾ പരാതി നൽകി. തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണെന്നും മണ്ണ് നീക്കം ചെയ്യുകയോ റോഡ് നിർമ്മാണം നടത്തുകയോ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അടിമാലി പഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പൊളിഞ്ഞപാലം ഫാത്തിമമാതാ സ്‌കൂൾ റോഡ് കടന്നു പോകുന്നത്. കഴിഞ്ഞ നാല് വർഷക്കാലമായി പൊടി ശല്യം രൂക്ഷമായ പ്രിയദർശിനി കോളനിക്ക് സമീപമുള്ള ഭാഗത്ത് യാതൊരു നിർമ്മാണജോലികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂൾ ബസുകൾക്കടക്കം കടന്നു പോകാൻ ബുദ്ധിമുട്ടേറിയതോടെയായിരുന്നു പ്രദേശത്ത് മണ്ണ് കൊണ്ടിറക്കി കുഴി നികത്തിയത്. എന്നാൽ മഴ മാറിയതോടെ പ്രദേശത്തു നിന്ന് വീടുപേക്ഷിച്ച് പോകേണ്ട വിധം പൊടി ശല്യം രൂക്ഷമായത് കുടുംബങ്ങൾക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്.