അടിമാലി: പ്രളയത്തിൽ വീടു തകർന്നിട്ടും ദുരിതാശ്വാസമോ നഷ്ടപരിഹാരമോ ലഭിക്കാതെ ജീവിതം തള്ളി നീക്കുകയാണ് നായ്കുന്ന് സ്വദേശി നെല്ലിക്കാത്തോട്ടത്തിൽ വിൻസന്റും കുടുംബവും. 2018ലെ മഹാപ്രളയത്തിലായിരുന്നു വിൻസന്റിന്റെയും കുടുംബത്തിന്റെയും സമ്പാദ്യമായി ഉണ്ടായിരുന്ന മൺകട്ട വച്ച ഓടിട്ട ചെറിയ വീടിന്റെ ഒരു ഭാഗം നിലം പതിച്ചത്. ബലക്ഷയം സംഭവിച്ച വീടിന്റെ ഓട് നീക്കി വിൻസന്റ് വീട് താത്കാലികമായി പടുതാ മൂടി ഭാര്യയും പെൺകുട്ടിയുമടങ്ങുന്ന കുടുംബത്തിന് കിടപ്പാടമൊരുക്കി. പക്ഷേ, പ്രളയാനന്തരം ഒന്നര വർഷം പിന്നിട്ടിട്ടും അർഹമായ നഷ്ട പരിഹാരമോ അടച്ചുറപ്പുള്ള മറ്റൊരു വീടോ വിൻസന്റിനും കുടുംബത്തിനും ലഭിച്ചിട്ടില്ല. ഏത് നിമിഷവും നിലം പതിക്കാവുന്ന കൂരയിൽ വേണ്ട വിധമൊന്ന് നിവർന്ന് നിൽക്കാൻ പോലുമാവാതെയാണ് ഈ കുടുംബത്തിന്റെ ജീവിതം. കല്ലാർകുട്ടി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തോട് ചേർന്നുള്ള എട്ട് സെന്റ് ഭൂമിയിലാണ് കുടിൽ. തകർന്ന വീടിന് വീട്ടു നമ്പർ ഉണ്ടായിരുന്നില്ലെന്ന കാരണത്താലാണ് ധനസഹായം നിഷേധിക്കപ്പെടുന്നതെന്ന് വിൻസന്റ് പറയുന്നു. ടാപ്പിംഗ് തൊഴിലാളിയായ വിൻസന്റിന്റെ വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാര്യയുടെ ചികിത്സയ്ക്കുമപ്പുറം ഒന്നിനും തികയില്ല. പലരും കുടിൽ കണ്ട് മടങ്ങിയതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി തങ്ങൾ താമസിച്ചു വരുന്ന എട്ട് സെന്റിൽ ഒരു വീട് വയ്ക്കാൻ സർക്കാർ സഹായം ലഭിക്കണമെന്നാണ് ഈ നിർധന കുടുംബത്തിന്റെ ആവശ്യം.