അടിമാലി: കൊന്നത്തടി വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമലാസിറ്റി പാലത്തിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമാകുന്നു. വെള്ളത്തൂവൽ ടൗണിൽ നിന്ന് പന്നിയാർകുട്ടിയലേക്കുള്ള പാതയിലാണ് വിമലാ സിറ്റി പാലം സ്ഥിതി ചെയ്യുന്നത്. കൊന്നത്തടി വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിക്കുന്ന പാലത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രികരും കടന്നു പോകുന്നു. എന്നാൽ പാലത്തിൽ രൂപം കൊണ്ടിട്ടുള്ള വലിയ കുഴികൾ സുഗമമായ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിലെ ടാറിഗും കോൺക്രീറ്റും ഇളകി തുടങ്ങിയതായി സമീപവാസികൾ പറഞ്ഞു. അടുത്തകാലത്തൊന്നും പാലത്തിന് മുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് യാത്രാക്ലേശം ഇത്രത്തോളം രൂക്ഷമാക്കി തീർത്തത്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള റോഡുകൾ റീടാർ ചെയ്യാൻ ടെൻഡർ എടുക്കുന്നവർ നിർമ്മാണ ജോലികൾ നടക്കുമ്പോൾ പാലം ഒഴിവാക്കുന്നതായും ആക്ഷേപം ഉണ്ട്. ഇത്തവണയെങ്കിലും പാലത്തിലെ കുഴികളടയ്ക്കാനും ബലക്ഷമത ഉറപ്പു വരുത്താനും നടപടി വേണമെന്ന ആവശ്യമാണ് യാത്രക്കാർക്കുള്ലത്.