ഈരാറ്റുപേട്ട : ''ഇന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്, എന്റെ അനുഭവം അറിയാമല്ലോ"" ഈരാറ്റുപേട്ട വട്ടക്കയത്ത് വീട്ടിൽ ഉക്കാഷ് ഇന്നലെ രാവിലെ മുതൽ മക്കളോടും കൊച്ചുമക്കളോടും സുഹൃത്തുക്കളോടുമായി പറഞ്ഞത് ഇത്രമാത്രമാണ്.

നാലു പതിറ്റാണ്ട് മുൻപ് സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് ദർശിച്ച് 16-ാം വയസിൽ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതിന്റെ വിങ്ങൽ ഇതുവരെ ഉക്കാഷിന് മാറിയിട്ടില്ല. സംഭവം ഇങ്ങനെ : 1980 ഫെബ്രുവരി 16 ലെ സൂര്യഗ്രഹണ ദിവസം മലബാറിൽ നിന്ന് കൂട്ടുകരോടൊപ്പം തിരികെ ഈരാറ്റുപേട്ടയ്ക്ക് വരുന്ന വഴി. 3.30 ഓടെ കോട്ടയം ട്രാൻ.സ്റ്റാൻഡിൽ ബസ് ഇറങ്ങി. ഈ സമയം കോട്ടയത്തെ കടകളൊക്കെ അടഞ്ഞുകിടക്കുകയാണ്. കുസൃതിക്കാരനായിരുന്ന ഉക്കാഷ് കൂട്ടുകാരോട് പറഞ്ഞു. കണ്ണിന്റെ കാഴ്ച പോകും എന്നൊക്കെ പറയുന്നത് ഭയപ്പെടുത്തലാണ്. ഞാൻ ഏതായാലും ഗ്രഹണം കാണാൻ പോകുകയാണ്. ഇടത് കണ്ണ് പൊത്തി വലതുകണ്ണ് കൊണ്ട് സൂര്യനെ ദർശിച്ചു. അരമണിക്കൂർ കഴിഞ്ഞതേയുള്ളൂ വലതുകണ്ണിന് ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി. രാത്രിയായതോടെ കഠിനമായി. പിറ്റേ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി. പരിശോധനയിൽ വലതുകണ്ണിന് 40 ശതമാനം കാഴ്ചയുള്ളൂവെന്ന് കണ്ടെത്തി. രണ്ട് ദിവസം കൂടുതൽ പരിശോധനകൾക്കായി അഡ്മിറ്റ് ചെയ്തു. 4ാം ദിവസം നടത്തിയ പരിശോധനയിൽ ഡോക്ടർമാർ വിധിയെഴുതി ഉക്കാഷിന്റെ വലതുകണ്ണിന്റെ കാഴ്ച എന്നന്നേക്കുമായി നഷ്ടപ്പെട്ടു.