കോട്ടയം : അരനൂറ്റാണ്ടിലേറെക്കാലം പാലാ എം.എൽ.എയും ദീർഘകാലം മന്ത്രിയുമെന്ന നിലയിൽ റെക്കാഡിട്ട കേരളരാഷ്ട്രീയത്തിലെ അതികായനായ കെ.എം.മാണിയുടെ മരണമാണ് 2019ൽ കോട്ടയത്തെ പടിച്ചുലച്ചത്. മാണിയുടെ മരണത്തോടെ 'പിളർപ്പന്മാരുടെ പാർട്ടി 'എന്ന ശാപം ആവർത്തിച്ച് കേരളകോൺഗ്രസ് മറ്റൊരു പിളർപ്പിന് വഴിമരുന്നിട്ടത് ജാതക ദോഷവുമായി.

കേരളരാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ജാതിമതശക്തികളിൽ പ്രധാനികളായ ക്രൈസ്തവസഭകളുടെയും എൻ.എസ്.എസിന്റെയും ആസ്ഥാനമാണ് കോട്ടയം.യാക്കോബായ വിഭാഗവുമായുള്ള പള്ളി തർക്കത്തിന്റെ പേരിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയ സംസ്ഥാന സർക്കാരുമായി ഓർത്തഡോക്സ് സഭഇടഞ്ഞുവെങ്കിൽ ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ തിടുക്കം കാട്ടിയതിന്റെ പേരിൽ വിശ്വാസികൾക്കൊപ്പം നിന്നായായിരുന്നു എൻ.എസ്.എസ് സർക്കാരുമായി ഇടഞ്ഞത്. സർക്കാർ സ്പോൺസേഡ് നവോത്ഥാന സംരക്ഷണ മതിലിൽ പങ്കെടുക്കാതെ എൻ.സ്.എസ് എതിർപ്പ് പരസ്യമായി പ്രകടമാക്കി.

കെ.എം.മാണിയുടെ മരണത്തെ തുടർന്നുണ്ടായ പാലാ ഉപതിര‌ഞ്ഞെടുപ്പ് ഇടത് - വലത് മുന്നണികളുടെ ശക്തിപരീക്ഷണ വേദിയായി. മാണി വിഭാഗത്തിൽ ജോസും ജോസഫും രണ്ടായി നിന്നുള്ള പോരാട്ടത്തിൽ രണ്ടില ചിഹ്നം ജോസഫിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയത്. ജോസ് വിഭാഗത്തിലെ ജോസ് ടോം രണ്ടിലക്കു പകരം കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ചു. ചിഹ്നം നൽകാത്ത ജോസഫിനെ കൂക്കിവിളിച്ചായിരുന്നു ജോസ് വിഭാഗത്തിന്റെ പ്രതികാരം. മൂന്നു തവണ മാണിയോട് തോറ്റ മാണി.സി.കാപ്പൻ ഇടതുസ്ഥാനാർത്ഥിയായി വീണ്ടും മത്സരിച്ചപ്പോൾ സഹതാപതരംഗത്തിനൊപ്പം ജോസഫിനെ കൂക്കി വിളിച്ചതിന് മറുപടിയായുള്ള കാലുവാരൽ കൂടിയായതോടെ അരനൂറ്റാണ്ടിന്റെ യു.ഡി.എഫ് കുത്തക തകർത്ത് കാപ്പൻ പാലായുടെ പുതുമാണിക്യമായി.

ജോസും ജോസഫും രണ്ട് പാർട്ടി പോലെ യു.ഡി.എഫിൽ തന്നെ നിൽക്കുകയാണ്. അകലക്കുന്നത്ത് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നിഷേധിച്ച് ജോസഫ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും മധുര പ്രതികാരമെന്ന തരത്തിൽ ജയം ജോസിനായിരുന്നു. ചങ്ങനശേരി നഗരസഭ , രാമപുരം അടക്കം പലയിടത്തും ജോസ് ജോസഫ് അധികാര തർക്കം തുടരുകയാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ കുട്ടനാട്ടിൽ ഇനി നടക്കാനുള്ള ഉപതിരഞ്ഞടുപ്പിലും സീറ്റിനായി ജോസും ജോസഫും പോരാടുമെന്നുറപ്പാണ്. അതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു വിഭാഗത്തെ അന്തിമമായി അംഗീകരിക്കുന്നില്ലെങ്കിൽ പാലായുടെ ആവർത്തനമായിരിക്കും കുട്ടനാട്ടിലും സംഭവിക്കുക.

കേരളകോൺഗ്രസിന്റെ പൊതു സ്വഭാവം വച്ച് ഒന്നുകിൽ ഇരുവിഭാഗവും യു.ഡി.എഫിൽ രണ്ട് കഷ്ണങ്ങളായി തുടരാം. അതല്ലെങ്കിൽ ഒരു വിഭാഗം ഇടതുമുന്നണിയിലെത്താം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടിലൊന്ന് സംഭവിക്കും. അടുത്തവർഷം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ജോസും ജോസഫും പോരടിച്ചും 'സൗഹൃദമത്സരം നടത്തിയും ജയസദ്ധ്യത ഇല്ലാതാക്കുമോ എന്നാണ് യു.ഡി.എഫ് നേതാക്കളുടെ പേടി.