കോട്ടയം: ക്രിസ്‌മസ് ദിനത്തിൽ ജില്ലയിലുണ്ടായ 12 അപകടങ്ങളിലായി മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞു. 17 പേർക്ക് പരിക്കേറ്റു. ചങ്ങനാശേരിയിൽ സ്‌‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസിടിച്ച് വ്യാപാരിയായ ചങ്ങനാശേരി കാക്കാംതോട് പുത്തൻപുരയ്ക്കൽ മുഹമ്മദ് അൻസാരി (44) മരിച്ചു. പൊൻകുന്നം - പൈക റോഡിൽ ഒന്നാം മൈലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കണ്ണൂർ സ്വദേശി സുനി (45) മരിച്ചു. ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ച് കൈയ്യൂർ അഞ്ഞൂറ്റിമംഗലം ആലപ്പുട്ടുകുന്നേൽ കരുൺ മനോഹരൻ (24) മരിച്ചു.

തുരുത്തിപ്പള്ളിയ്‌ക്ക് സമീപം രാത്രി പത്തിന് തിരുവനന്തപുരത്ത് നിന്ന് മൈസൂറിന് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസ് സ്‌കൂട്ടറിൽ ഇടിച്ചാണ് മുഹമ്മദ് അൻസാരി മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ടൗൺ അംഗമാണ് മുഹമ്മദ് അൻസാരി. ഭാര്യ: ഷിറാസ് അൻസാരി. മക്കൾ: അൽനാ മറിയം, അനിലാ ആമിന, മുഹമ്മദ് ഇസാൻ.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ രണ്ടോടെയാണ് ഒന്നാം മൈലിൽ അപകടത്തിൽപ്പെട്ട് കണ്ണൂർ സ്വദേശിയായ തീർത്ഥാടകൻ മരിച്ചത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രിയിൽ വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തി പൊൻകുന്നം പൊലീസ് ചുക്കുകാപ്പി വിതരണം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട കാറിലെ ഡ്രൈവർക്കും യാത്രക്കാർക്കും കാപ്പി നല്കിയിരുന്നു. തുടർന്ന് രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം ഉണ്ടായത്. വാഹനത്തിന് തകരാർ സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. സുനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഈരാറ്റുപേട്ട പ്ലാശനാലിൽ രാത്രി 9.30 ന് നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ചാണ് കരുൺ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കരുണിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: അരുൺ, കിരൺ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കി. സംസ്കാരം നടത്തി. ചങ്ങനാശേരിയിലും, വൈക്കത്തും, പാലായിലും പുതുപ്പള്ളിയിലും ചെറുതും വലുതുമായ അപകടങ്ങൾ നടന്നു. മിക്കയിടത്തും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.