കോട്ടയം : വലയ സൂര്യഗ്രഹണം നേരിൽക്കണ്ട് ശാസ്ത്ര കൗതുകത്തെ അടുത്തറിഞ്ഞ് കോട്ടയംകാരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്രഹണം നേരിൽ കാണാൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കുറവിലങ്ങാട് ദേവവമാതാ കോളജ് ഗ്രൗണ്ടിൽ രണ്ടായിരത്തോളം ആളുകൾ സൂര്യഗ്രഹണം ദർശിച്ചു. കോട്ടയം നഗരത്തിൽ ഗലീലിയോ സ്‌പേസ് സെന്റർ, പാമ്പാടി, മറ്റക്കര, തെങ്ങണ, ചങ്ങനാശേരി, വൈക്കം, തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലും വിപുലമായ സൗകര്യങ്ങൾ പല സംഘടനകളും ഒരുക്കിയിരുന്നു. കുറിവലങ്ങാട്ട് കുട്ടികൾ മാത്രം അഞ്ഞൂറിലേറെ ഫിൽറ്ററുകൾ നിർമ്മിച്ച് വിതരണം ചെയ്തു. കുറിച്ചി കെ.എൻ.എം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സൂര്യഗ്രഹണ നിരീക്ഷണം നടത്തി. പ്രസിഡന്റ് ടി.എസ് സലിം, സ്വാമി ധർമ്മചൈതന്യ, എൻ.ഡി ബാലകൃഷ്‌ണൻ , അനിൽ കണ്ണാടി എന്നിവർ നേതൃത്വം നൽകി. ഗ്രഹണം കാരണം ക്ഷേത്രങ്ങൾ നേരത്തെ അടച്ചെങ്കിലും തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം പതിവുപോലെ തുറന്നിരുന്നു. കംസനിഗ്രഹത്തിനു ശേഷം വിശന്നുവലഞ്ഞു നിൽക്കുന്ന ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ദിവസവും കൃത്യസമയത്തു നിവേദ്യം നൽകണം. പുറത്തേക്കുള്ള വലിയ 2 ഗോപുരനടകളും ഗ്രഹണസമയത്ത് അടച്ചിട്ടു.