കോട്ടയം: 87 ാമത് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശിവഗിരിയിൽ ഉയർത്തുന്ന പീതപതാക വഹിച്ചുകൊണ്ടുള്ള ഹംസരഥഘോഷയാത്ര 29ന് നാഗമ്പടം മഹാദേവക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെടും. ശ്രീനാരായണഗുരുദേവൻ നാഗമ്പടത്തുവച്ച് തീർത്ഥാടനത്തിന് അനുമതിയരുളിയ പുണ്യനിമിഷത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് എസ്.എൻ.‌ഡി.പി യോഗം കോട്ടയം യൂണിയനാണ് എല്ലാവർഷവും പതാക ശിവഗിരിയിൽ എത്തിക്കുന്നത്. നാഗമ്പടത്തെ തേന്മാവിൻ ചുവട്ടിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്ര ചിങ്ങവനം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ- ഏനാത്ത്, കൊട്ടാരക്കര, ചടയമംഗലം, പള്ളിക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5ന് ശിവഗിരിയിൽ എത്തും. തുടർന്ന് യൂണിയൻ ഭാരവാഹികളിൽ നിന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ ഭാരവാഹികൾ പതാക ഏറ്റുവാങ്ങും. 30നാണ് പതാക ഉയർത്തൽ.

ഘോഷയാത്രയോടനുബന്ധിച്ച് 29ന് രാവിലെ 11ന് നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പീതപതാക കൈമാറും. എസ്.എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.എം. ശശി നന്ദിയും പറയും.