sndp-vikkam-jpg

വൈക്കം : പഞ്ചശുദ്ധി സ്വീകരിച്ച് കൊണ്ടുള്ള ശിവഗിരി തീർത്ഥാടനം മനുഷ്യന്റെ പൂർണമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രേഷ്ഠമായ യാത്രയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ഏഴാമത് ശിവഗിരി തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിത്. രാജ്യത്തെങ്ങും വളർന്നു വരുന്ന ജാതി മത സംഘർഷങ്ങൾക്ക് പ്രതിവിധി ഗുരുദേവ ദർശനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദയാത്ര ക്യാപ്ടൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാറിന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ധർമ്മ പതാക കൈമാറി. അഞ്ച് ദിവസം നീളുന്ന പദയാത്ര 30 ന് ശിവഗിരി കുന്നിൽ സമാപിക്കും. പീതവസ്ത്രധാരികളായ 150 പദയാത്രികരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ പ്രീതി നടേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, രാജേഷ് മോഹൻ, ഷീജ സാബു, ബീന അശോകൻ, കെ.കൃഷ്ണകുമാർ, എ.പ്രഭാകരൻ, കെ.വി. പ്രസന്നൻ, വി.വേലായുധൻ എന്നിവർ പങ്കെടുത്തു.