കോട്ടയം: എൻ.എൻ.പിള്ള ജന്മശതാബ്ദി നാടകോത്സവത്തിന് (നാട്യം 2019) തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം മുനിസിപ്പൽ ആഡിറ്റോറിയത്തിൽ തിരശീലയുയർന്നു. ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്‌സും (ആത്മ), സംസ്ഥാന സാംസ്‌കാരിക വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, സംവിധായകൻ ജോഷി മാത്യു, വക്കം ഷക്കീർ, സി.എൻ. സത്യനേശൻ, കെ.എൻ താൻസൻ , ആത്മാ സെക്രട്ടറി ബിനോയ് വേളൂർ, ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പി.കെ മേദിനിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടകഗാനസന്ധ്യയിൽ 10 യുവഗായകർ പങ്കെടുത്തു. നാടക മേഖലയിലെ പ്രശസ്തരായ ശ്രുതിബാല, അൻസിൽ റഹ്മാൻ, വിനോദ് ഇല്ലംപള്ളി, ആറൻമുള ജി ശ്രീകുമാർ, കോട്ടയം അജിത്, സന്ദീപ്, റാണി വിനോദ്, സാഹില, കോട്ടയം റ്റി.എസ്. അജിത്ത്, സഞ്ജയ് ശിവ, എ.വി ബിനു എന്നിവരെ ആദരിച്ചു.

നാളെ ആലപ്പുഴ സാരഥിയുടെ 'കപടലോകത്തെ ശരികൾ' എന്ന നാടകവും 28 ന് എൻ.എൻ .പിള്ള രചിച്ച 'കുടുംബയോഗ' നവയുഗ് ചിൽഡ്രൻസ് തീയേറ്റർ അവതരിപ്പിക്കുന്ന 'അന്താരാഷ്ട്ര സസ്യ സമ്മേളനം' എന്നീ നാടകങ്ങളും അരങ്ങിലെത്തും.
നാളെ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി ആർ സോനയും 28 ന് സമാപനസമ്മേളനം മന്ത്രി എ കെ ബാലനും ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ, അഡ്വ. വി.ബി. ബിനു, സി.എൻ. സത്യനേശൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ റ്റി.ആർ. സദാശിവൻ നായർ, ദർശന ഡയറക്ടർ ഫാ. എമിൽ, കോട്ടയം ഹരിലാൽ, ഫാ. എം.പി. ജോർജ്ജ്, പ്രൊഫ. സി.ആർ ഓമനകുട്ടൻ, നടൻ വിജയരാഘവൻ, തുടങ്ങിയവർ സംബന്ധിക്കും.