വൈക്കം മഹാദേവ ക്ഷേത്രത്തിൽ മാർഗഴി കലശം ആരംഭിച്ചു. തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് അജിത് നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ച ചടങ്ങിൽ മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി, കീഴ് ശാന്തിമാരായ ഏറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. കലശം ജനുവരി 4 ന് സമാപിക്കും. കലശത്തോടനുബന്ധിച്ച് 5 ന് രുദ്രപൂജയും ഉണ്ടാവും. 6 ന് ഉദയനാപുരം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമന പൂജയോടെയാണ് സമാപനം. പരശുരാമനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യം ഏറിയതാണ് മാർഗഴി കലശം എന്നറിയപ്പെടുന്ന കല്പിച്ചു കലശം. മാർഗഴി മാസത്തിലാണ് ചടങ്ങ്. അതാത് കാലങ്ങളിലെ തിരുവിതാംകൂർ മഹാരാജാവിന്റെ ജൻമനക്ഷത്രം ആദിയിലോ അന്ത്യത്തിലോ വരത്തക്കവിധമാണ് നടന്നു വരുന്നത്. മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രമ്മകലശവും വലിയ ചെമ്പ് അണ്ഡാവിൽ ജലദ്രോണിയും പൂജിച്ച് ദിവസവും ബ്രമ്മകലശം അടക്കം നൂറ്റിയൊന്നു കുടം അഭിഷേകം ചെയ്ത് പത്തു ദിവസം കൊണ്ട് ആയിരം കലശം അഭിഷേകം നടത്തും.പതിനൊന്നാം ദിവസം രുദ്രപൂജയും അടുത്ത ദിവസം ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നടത്തണമെന്നുമാണ് ആചാരം.