കോട്ടയം: ചങ്ങനാശേരി പുതൂർപള്ളിയിലെ ചന്ദനക്കുട മഹോത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ കടിച്ചുപറിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാവേലിക്കര മാങ്ങാംകുഴി തറയിൽ നാസർ അബ്ദുൾ അസീസ് (53) ഇയാളുടെ അനുജൻ ഷൗക്കത്തലി (46) എന്നിവരെയാണ് ചങ്ങനാശേരി സി.ഐ പി.വി മനോജ്കുമാർ, എസ്.ഐ ഷമീർഖാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കൈക്ക് കടിയേറ്റ പൊലീസ് ഓഫീസറെ ചങ്ങനാശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും ആക്രമിച്ചതിനുമാണ് കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.