കോട്ടയം : വേമ്പനാട്ട് കായലിൽ ചെഞ്ചേലചാർത്തിയ ആമ്പൽ സൗന്ദര്യംകണ്ട് നമ്മൾ ആനന്ദിക്കുമ്പോൾ,​ കാഴ്ചയ്ക്കപ്പുറം ദുസൂചനകളുടെ കറുത്തപൊട്ടുകൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന സംശയം പങ്കുവയ്ക്കുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. വേമ്പനാട്ടുകായൽ ആഴം കുറഞ്ഞ് ചതുപ്പു നിലമാകുമെന്ന ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുന്നതിന്റെ സൂചനയാണ് കായലിൽ വളരുന്ന ആമ്പൽച്ചെടികളെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത് കരുതുന്നത്.

ഇതിന് പിന്നാലെയാണ് ചീപ്പുങ്കൽ ഭാഗത്ത് നൂറേക്കറോളം വിസ്തൃതിയിൽ ആമ്പൽ പടർന്നത്. കാഴ്ചകാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയതോടെ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ച് സംഗതി കളറാക്കി. എന്നാൽ ഇതിന്റെ പിന്നിൽ ഒളിഞ്ഞു കിടക്കുന്ന അപകടം ആരും ശ്രദ്ധിച്ചില്ല.

പേടിപ്പെടുത്തുന്നത് ഇക്കാര്യങ്ങൾ

തണ്ടിന് മൂന്ന് മീറ്ററിൽ താഴെ നീളമുള്ള നിഫിയ റൂബ്ര എന്ന ചുവന്ന ആമ്പലാണ‌് ഇവിടെ വളർന്നത്. അതായത് നൂറേക്കറോളം ഭാഗത്ത് കായലിന്റെ ആഴം മൂന്ന് മീറ്ററിലും കുറഞ്ഞു. ആഴം കുറഞ്ഞ പ്രദേശത്ത് കൂടുതൽ വിസ്തൃതിയിൽ ആമ്പൽ തിങ്ങി വളരുന്നത് ഇവിടെ എക്കൽ അടിഞ്ഞ് കൂടി ക്രമേണ കായൽ ചതുപ്പായി മാറാൻ കാരണമാകും.

കാര്യം ഗുരുതരം

തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ആഴം 1-3 മീറ്റർവരെ കുറഞ്ഞെന്ന് മുൻപ് കണ്ടെത്തി

ചീപ്പുങ്കലിൽ ആമ്പൽ വളർന്നത് കായൽ ചതുപ്പാകുമെന്ന മുന്നറിയിപ്പ് ശരിവയ്ക്കുന്നത്

കായലിൽ മത്സ്യോത്പാദനം കുറയുന്നത് ആഴംകുറയുന്നതിന്റെ പ്രത്യാഘാതം

ഉപ്പ് 23 പി.പി.ടി വരെ

കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അളവ് മുൻപെങ്ങുമില്ലാത്തവിധം ഉയരുകയാണ്. മുൻപ് പരമാവധി 11 പി.പി.ടി (പാർട്‌സ് പെർ തൗസന്റ്) വരെയായിരുന്നു വൈക്കം ഭാഗങ്ങളിൽ ഉപ്പിന്റെ അളവ് . എന്നാൽ, കഴിഞ്ഞ ഫെബ്രുവരി, മാർച്ച് കാലങ്ങളിൽ ഇത് 23 വരെ ഉയർന്നു. കടൽ ജലത്തിലെ ഉപ്പിന്റെ അളവ് 33 പി.പി.ടി ആണ്.

ശാസ്ത്രീയ പഠനം വേണം

'' ആമ്പൽപ്പടർപ്പ് കായൽ ചതുപ്പാകുന്നതിന്റെ സൂചനയായി കണ്ട് അതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ച ശാസ്ത്രീയപഠനം നടത്തി പരിഹരനടപടികൾ സ്വീകരിക്കണം''

- ഡോ.എസ്.എം. പ്രമീള,

ശാസ്ത്ര സാഹിത്യ പരിഷത്ത്
ജില്ലാ സെക്രട്ടറി