കോട്ടയം : 2020 ൽ കോട്ടയം ജില്ലയെ രാജ്യത്തെ ആദ്യസമ്പൂർണ മാലിന്യമുക്തജില്ലയായി പ്രഖ്യാപിക്കുന്നതിന് മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംയോജിത മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം നീണ്ടുനിൽക്കുന്ന 'ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം ' എന്ന കർമ്മ പരിപാടിയ്ക്ക് ജില്ലാ ഭരണകൂടവും, ഹരിതകേരള മിഷനും, ശുചിത്വ മിഷനും പങ്കാളികളാകും.
പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ഈ മാസം 31നകം ജില്ലയിലെ സ്‌കൂളുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, പൊതുനിരത്തുകൾ, പൊതുനീർച്ചാലുകൾ എന്നിവ ശുചീകരിക്കും. 2020 ജനുവരി മുതൽ മാലിന്യമില്ലാത്ത പുതുവർഷം എന്ന സന്ദേശം മുൻനിർത്തി ജില്ലയിലെ മുഴുവൻ വീടുകളിലും, സ്ഥാപനങ്ങളിലും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി ,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.അജിത് മുതിരമല, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത രാജു, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി. മാത്യ,
ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ പി. രമേശ് , ശുചിത്വമിഷൻ എ.ഡി.സി ഫിലിപ്പ് ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പദ്ധതി അടങ്കൽ: ₹ 50 കോടി
പദ്ധതി നടത്തിപ്പ് ഇങ്ങനെ
കമ്പോസ്റ്റ് കുഴികൾ, പൈപ്പ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടെന്ന് ഉറപ്പുവരുത്തും.
അജൈവമാലിന്യങ്ങൾ തരംതിരിച്ച് വീടുകളിൽ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും
വേർതിരിച്ച് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, തെർമോക്കോൾ, തുകൽ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എന്നിവ ഹരിതകർമ്മസേന വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് യൂസർഫീ ഈടാക്കി ശേഖരിക്കും.
ഇവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി വഴി ക്ലീൻ കേരള കമ്പനിയിലും വിവിധ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികളിലും എത്തിച്ച് പുന:ചംക്രമണം ചെയ്യും.
കോഴി - ഇറച്ചി കടകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് ഈ രംഗത്ത് മുൻപരിചയമുള്ള കമ്പനികളെ ഏൽപ്പിക്കും.
ജനകീയ സമിതികൾ
ജില്ല, ബ്ലോക്ക് ,ഗ്രാമപഞ്ചായത്ത് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കും. സമിതികൾ ഫലപ്രദമായി പ്രവർത്തിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടിയിലൂടെ ജില്ലയെ സമ്പൂർണ മാലിന്യ മുക്തമാക്കുകയും തുടർന്ന് അതേസ്ഥിതിയിൽ പരിപാലിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.