jos-

കോട്ടയം: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ആറ് മാസത്തിനുള്ളിൽ നടക്കാനിടയുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ മുൻകൂട്ടി അടി തുടങ്ങി.

ജനുവരി ആറിന് കൊച്ചിയിൽ നടക്കുന്ന യു.ഡി.എഫ് ദക്ഷിണ മേഖലാ സമ്മേളനത്തിൽ കുട്ടനാട് സീറ്റ് കാര്യം

ചർച്ച ചെയ്തേക്കും.അന്ന് ജോസഫ് വിഭാഗം നേതൃയോഗവും ചേരും.കുട്ടനാട്ടിൽ തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച തങ്ങളുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ജേക്കബ് എബ്രഹാമിനോട് കളത്തിലിറങ്ങാൻ ജോസഫ് വിഭാഗം നിർദ്ദേശിച്ചു.എന്നാൽ, കുട്ടനാട് സീറ്റ് സംയുക്ത കേരള കോൺഗ്രസിന്റേതായതിനാൽ വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. ഇരു വിഭാഗവും നേരത്തേ കടിപിടി തുടങ്ങിയതോടെ, പാലാ സീറ്റ് നഷ്ടപ്പെടുത്തിയത് പോലാകുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതാക്കൾ .

പഴയ കാര്യം പറഞ്ഞ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ജേക്കബ് എബ്രഹാം ഇറങ്ങിയാൽ അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. ജോസഫ് വിഭാഗമാകട്ടെ കഴിഞ്ഞ തവണ മത്സരിച്ച ആൾക്ക് തന്നെയാണ് സീറ്റിനർഹതയെന്നും പറയുന്നു. ഇരു വിഭാഗവും വിട്ടുവീഴ്ചയില്ലാതെ നിൽക്കുന്നതിനാൽ പരസ്പരം മത്സരിച്ച് സീറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുക യു.ഡി.എഫിന് ശ്രമകരമാവും. അനുരഞ്ജനം പരാജയപ്പെട്ടാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകാം.ഇതിൽ ഒരു വിഭാഗം യു.ഡി.എഫ് വിടുന്നതിന് അത് ഇടയാക്കിയേക്കുമെന്ന പ്രചാരണവും ശക്തമാണ് .

കേരള കോൺഗ്രസ് ചെയർമാൻ ,ചിഹ്നം എന്നിവ സംബന്ധിച്ച തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടുത്ത ഹിയറിംഗ് ജനുവരി 13നാണ് . ഔദ്യോഗിക വിഭാഗമായി കമ്മിഷൻ തങ്ങളെ പ്രഖ്യാപിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ജോസഫ്. രണ്ട് എം.പിമാരും രണ്ട് എം.എൽഎമാരും കൂടുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും തങ്ങൾക്കെന്ന വാദം കമ്മിഷനെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതിനാൽ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗവും.

'കുട്ടനാട് സീറ്റ് കണ്ട് ജോസ് വിഭാഗം പനിക്കേണ്ട. സ്ഥാനാർത്ഥിയെ പി.ജെ.ജോസഫ് പ്രഖ്യാപിക്കും'.

-ജോയ് എബ്രഹാം

(ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി )

'കുട്ടനാട്ടിലെ സ്ഥാനാർത്ഥി ആരെന്ന് ജോസ് കെ മാണി പ്രഖ്യാപിക്കും. സീറ്റ് വിട്ടു കൊടുക്കില്ല'

-ജേക്കബ് തോമസ് അരികുപുറം

(ജോസ് വിഭാഗം ജനറൽ സെക്രട്ടറി)