jelasambarani

വൈക്കം : കാലപ്പഴക്കം ചെന്ന ജല വിതരണ കുഴലുകൾ, ജലസംഭരണികൾ, സമീപ ഭാവിയിൽ തന്നെ നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. 10 എച്ച് എൽ ഡി (മില്യൺ ലിറ്റർ വെർഡെ) യിൽ താഴെ ശുദ്ധജലമാണ് ജല അതോറിറ്റി വൈയ്ക്കം സബ് ഡിവിഷനുകീഴിലെ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. ഇതിൽ വൈക്കം നഗരസഭ ഒഴികെയുള്ള 7 പഞ്ചായത്തുകളായ ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, വെച്ചൂർ, തലയാഴം, ടി.വി.പുരം, ഉദയനാപുരം പഞ്ചായത്തുകളിൽ പുതിയ ഉപരിതല ജലസംഭരണികളും, ജല വിതരണ കുഴലുകളും നിർമ്മിച്ചു കഴിഞ്ഞു. വെച്ചൂർ പഞ്ചായത്ത് വേരുവള്ളിയിൽ 4 ലക്ഷം ലിറ്ററിന്റേയും, ടി.വി.പുരം പഞ്ചായത്തിൽ പറക്കാട്ട്കുളത്ത് 1 ലക്ഷം ലിറ്റർ, മൂത്തേടത്തുകാവ് 1 ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള 3 സംഭരണികളും നിർമ്മിച്ചു കഴിഞ്ഞു. ഉദയനാപുരം പഞ്ചായത്തിൽ തുറുവേലിക്കുന്നിൽ 4 ലക്ഷം ലിറ്ററിന്റെ പുതിയ സംഭരണിയുണ്ട്. മറവൻതുരുത്ത് പഞ്ചായത്ത് ടോൾ ജംഗ്ഷനിൽ 4 ലക്ഷം ലിറ്ററിന്റേയും കൂട്ടുമ്മേൽ 2 ലക്ഷം ലിറ്ററിന്റേയും, ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലത്ത് 4 ലക്ഷം ലിറ്ററിന്റേയും, തലയോലപ്പറമ്പ് പഞ്ചായത്തിൽ ഡി.ബി കോളേജിൽ 10 ലക്ഷം ലിറ്ററിന്റേയും, വടയാറിൽ 1 ലക്ഷം ലിറ്ററിന്റേയും ടാങ്കുകൾ ഉണ്ട്. ഈ പഞ്ചായത്തുകൾക്കെല്ലാം പുതിയ ജലവിതരണക്കുഴലുകളും ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്ന പമ്പിംഗ് ലൈനുകളും സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നു.

ഇതിന് അപവാദമായിട്ടുള്ളത് വൈക്കം നഗരസഭയിൽ മാത്രമാണ്. വാട്ടർ അതോറിറ്റി വൈക്കം ഓഫീസ് കോംമ്പൗണ്ടിലുള്ള കാലപ്പഴക്കം ചെന്ന ജലസംഭരണിയ്ക്ക് 2 ലക്ഷം ലിറ്റർ സംഭരണശേഷിമാത്രമാണുള്ളത്. അരനൂറ്റാണ്ടിനടുത്ത് പഴക്കമുള്ളതാണ് ജലവിതരണക്കുഴലുകൾ. ഇവ പൊട്ടുന്നത് വൈയ്ക്കത്ത് നിത്യ സംഭവമാണ്.

പുതിയ ജല സംഭരണി വേണം, വിതരണ പൈപ്പുകളും - ട്രാക്ക്

അയ്യർകുളങ്ങരയിൽ ജല അതോറിറ്റിയുടെ സ്ഥലത്ത് പുതിയ ജല സംഭരണി നിർമ്മിക്കണമെന്നും വിതരണ കുഴലുകൾ മാറ്റി സ്ഥാപിക്കണമെന്നും താലൂക്ക് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ (ട്രാക്ക്) യോഗം ആവശ്യപ്പെട്ടു. കൂടുതൽ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമ്മിച്ചാൽ സമീപ പഞ്ചായത്തുകൾക്കും അത് ഉപകാരപ്പെടും. നിലവിൽ വാട്ടർ അതോറിറ്റി ഓഫീസ് വളപ്പിൽ ഉപയോഗത്തിലുള്ള ടാങ്കിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ട്രാക്ക് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിരുന്നു. പ്രസിഡന്റ് പി.ശിവരാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.അബു, എ.ബാബു, രാജൻ കൊല്ലേരിൽ, ബി.വിജയൻ, ബാബു.ടി.ജി, സുനിൽ.പി, ദേവദാസ്, അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

അപകട നിലയിൽ പഴയ ജലസംഭരണി

വാട്ടർ അതോറിറ്റി വളപ്പിലെ ഓവർഹെഡ് ടാങ്കിൽ ജലം സംഭരിച്ചാണ് ഇപ്പോൾ നഗരസഭാ പ്രദേശത്ത് വിതരണം ചെയ്യുന്നത്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ടാങ്ക് ജീർണ്ണാവസ്ഥയിലാണ്. തൂണുകളുടെയെല്ലാം അടിഭാഗം കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്ത് വന്ന് തുരുമ്പിച്ച നിലയിലാണ്. ടാങ്ക് അപകടാവസ്ഥയിലാണെന്ന് കാണിച്ച് പൊലീസ് നേരത്തെ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നാട്ടുകാരും പരാതി നൽകിയിരുന്നു. മാദ്ധ്യമങ്ങളിൽ ടാങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് വാർത്തകളും വന്നിരുന്നു. പക്ഷേ അധികൃതർക്ക് അറിഞ്ഞ ഭാവമില്ല.