road

ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ കാഞ്ഞിരത്തുംമൂട് - വില്ലേജ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായില്ല. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡ് കുളമായി മാറുന്ന സ്ഥിതിയാണ് !. വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമാകും. ഇതുമൂലം പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് എപ്പോഴും ദുരിതം മാത്രം. ശങ്കരപുരം റെയിൽവേ മേൽപ്പാലത്തിന്റെ പണി രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ കുറിച്ചി വില്ലേജിലേക്കും ഹോമിയോ റിസേർച്ച് സെന്ററിലേക്കും മറ്റും പോകാനായി ഉപയോഗിക്കുന്ന ഏകവഴിയാണിത്. ഇത്തിത്താനത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ എം.സി. റോഡിലേക്ക് വരാൻ വേണ്ടിയും ഈ റോഡാണ് ഉപയോഗിക്കുന്നത്. ഈ വഴിയുടെയും കുടിവെള്ളത്തിന്റെയും പ്രശ്‌നങ്ങൾ എല്ലാ ഗ്രാമസഭകളിലും ഉന്നയിക്കാറുണ്ടെങ്കിലും പരിഹാരമുണ്ടാക്കാം എന്ന മറുപടി ലഭിക്കുന്നതല്ലാതെ നടപടികളുണ്ടാകുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു. വേനലായാൽ പരിസരത്തുള്ള നവജാതശിശുക്കളെയും വാർദ്ധ്യക്യത്തിലെത്തിയിരിക്കുന്നവരെയും പൊടിശല്യം സാരമായി ബാധിക്കുന്നുവെന്നും ഇതുമൂലം ഇവർക്ക് ശ്വാസതടസ്സങ്ങൾ ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. വേനൽ കടുക്കുന്നതിന് മുൻപായി റോഡ് കോൺക്രീറ്റ് ചെയ്തുതരണമെന്നും കുടിവെള്ളത്തിനായി ജലനിധി പദ്ധതി തുറന്നു പ്രവർത്തിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.