ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് നടന്ന തിരുവാതിര കളി വഴിപാട് ഭക്തിനിർഭരമായി. വിവിധ പ്രദേശങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ടീമുകൾക്കാണ് ഇന്നലെ തിരുവാതിര കളി വഴിപാടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിവിധ ഹൈന്ദവ സമുദായ വനിതാ നേതാക്കളായ സുഷമ ഗോപാലകൃഷ്ണൻ, സോളി ഷാജി തലനാട്, രജനി വിനോദ് , അഞ്ജലീ മോഹൻ, എം.ടി. സംഗീത എന്നിവർ ചേർന്ന് തിരുവാതിര കളി വഴിപാട് ഉദ്ഘാടനം ചെയ്തു. കാവിൻ പുറം ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിജയകുമാർ ചിറയ്ക്കൽ, പി.എസ്. ശശിധരൻ എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിച്ച സൂപ്പർ മാജിക് മെന്റലിസം ഷോ, മീനാക്ഷി എസ്. നായരുടെ ഓട്ടൻതുള്ളൽ എന്നിവയുമുണ്ടായിരുന്നു. രാവിലെ പനച്ചിക്കാട്ട് ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഗോപാലമന്ത്രാർച്ചനയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. തിരുവാതിര കളി മത്സരത്തിലെ വിജയികൾക്ക് രാത്രി ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ഇന്ന് വൈകിട്ട് 6ന് പ്രസിദ്ധമായ കാവിൻ പുറം താലപ്പൊലി ഘോഷയാത്ര നടക്കും. രാത്രി 8 ന് കാണിക്കമണ്ഡപം ജംഗ്ഷനിൽ ഘോഷയാത്രാസംഗമം. 9ന് വിശേഷാൽ ദീപാരാധനയും, വലിയ കാണിക്കയും. 9.15ന് താലമൂട്ട് സദ്യ. 9.30ന് നിറനിലാവ് നാടൻപാട്ടും നടക്കും.