ചങ്ങനാശേരി: കാവിൽ ഭഗവതി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവം ആറാട്ടോടു കൂടി സമാപിച്ചു. ഇന്നലെ ഉച്ചക്ക് മൂന്ന് മുതൽ ഡോ. തിരുവല്ല രാധാകൃഷ്ണനും 75ൽ പരം കലാകാരന്മാരും പങ്കെടുത്ത മേജർ പഞ്ചാരിമേളം നടന്നു. വൈകിട്ട് അഞ്ചിന് കൊടിയിറങ്ങി. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട് നടന്നു. ഈരാറ്റുപേട്ട അയ്യപ്പൻ കാവിലമ്മയുടെ തിടമ്പേറ്റി. ആറ് മുതൽ ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനിൽ നാദസ്വര കച്ചേരി നടന്നു. തുടർന്ന് തൃക്കണ്ണാപുരം ക്ഷേത്രക്കടവിൽ ആറാട്ട് നടന്നു. തുടർന്ന് ചൈതന്യ രഥം , വഞ്ചിപ്പാട്ട്, മയൂരനൃത്തം, ഗരുഡൻ പറവ, പകൽ കാഴ്ച, ഡിജിറ്റൽ തെയ്യം, വേലകളി , നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ ആറാട്ടിന് അകമ്പടിയേകി. രാത്രി 8.30ന് ആറാട്ട് വരവിന് ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി. തുടർന്ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാട്ട് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ദീപാരാധനയും ദീപക്കാഴ്ചയും നടന്നു.