കോട്ടയം: പുതുപ്പള്ളി സെന്റ്. ജോർജ് ഗവ. വി.എച്ച്.എസ്.എസ്. നാഷണൽ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കൈത്താങ്ങ് 2019" സമാപിച്ചു.

ഒരാഴ്ചക്കാലം നീണ്ടുനിന്ന പരിപാടിയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എൻ.എസ്.എസ് വോളണ്ടിയർമാരായ വിദ്യാർത്ഥികളുടെ സജീവ ഇടപെടൽ ഉണ്ടായി. തൃശൂർ കിലയുമായി സഹകരിച്ച് പുതുപ്പള്ളി പഞ്ചായത്തിലെ 250 വയോജനങ്ങളുമായി സംവദിച്ച് അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ കുറിച്ച് പഠനം നടത്തി. വയോജനങ്ങളുടെ ജീവിതാനുഭവം പുതുതലമുറയ്ക്ക് ഒട്ടേറെ പാഠങ്ങൾ പകർന്നുനൽകുന്നതുമായി. ശുചിത്വമിഷനുമായി ചേർന്ന് നടത്തിയ ഹരിതഭവനം പദ്ധതിയിലൂടെ പഞ്ചായത്തിലെ മുന്നൂറ്റി അൻപതോളം ഭവനങ്ങളിൽ ഹരിത ഓഡിറ്റ് നടത്തി പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ ബോധവത്കരണവും പച്ചക്കറി വിത്ത് വിതരണവും നടത്താനായതാണ് കൈത്താങ്ങിന്റെ എടുത്തുപറയാവുന്ന മറ്രൊരു നേട്ടം. അടിയന്തര സാഹചര്യങ്ങളിൽ രക്തദാനം ചെയ്യാൻ തയ്യാറുള്ളവരുടെ ഡയറക്ടറി തയ്യാറാക്കൽ, നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ബോധവത്കരണം, ഹെൽത്ത് ഇൻസ്‌പെക്ടർ നിഷയുടെ സാന്നിദ്ധ്യത്തിൽ ഷോപ്പുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രചരണം, കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്ക് പുതപ്പ് വിതരണം. ബദൽ ജീവിതശൈലി പ്രോത്സാഹനത്തിന്റെ ഭാഗമായി കുട, സോപ്പ്, പേപ്പർ, പേന എന്നിവയുടെ നിർമ്മാണ പരിശീലനവും തോട്ടക്കാട് സ്‌നേഹാലയത്തിലെ അഗതികളോടൊപ്പം ക്രിസ്മസ് ആഘോഷവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഹെഡ്മിസ്ട്രസ് ഗായത്രിദേവി, പ്രിൻസിപ്പൽ കെ. മഞ്ജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് കെ. എം. ജോൺ അദ്ധ്യക്ഷത വഹിച്ചു.