കോട്ടയം : കഴിഞ്ഞ ജനുവരി 1 ന് ഖജനാവിൽ നിന്ന് കോടികൾ പാഴാക്കി നടത്തിയ വനിതാമതിൽ കേരളത്തിലെ സ്ത്രീസുരക്ഷയ്ക്ക് യാതൊരു സംഭാവനയും നൽകിയില്ലെന്ന് മഹിളകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിൽ ജനുവരി 1 ന് വനിതാമതിലിന്റെ ചരമഗീതം ആലപിക്കാനും 'സ്ത്രീസുരക്ഷ 2020' എന്നപേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതിക്ക് തുടക്കം കുറിക്കാനുമായി കോട്ടയത്ത് സ്ത്രീസംഗമം സംഘടിപ്പിക്കും.

ജനുവരി 1ന് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ തിരുനക്കര മൈതാനത്താണ് പരിപാടി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീസുരക്ഷ 2020 ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി പഠനപരിപാടികൾ, സെമിനാറുകൾ, കൗൺസലിംഗ് ക്ലാസുകൾ, മാർച്ച്- ഏപ്രിൽ മാസങ്ങളിൽ 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന സ്ത്രീസുരക്ഷ യാത്ര എന്നിവയും സംഘടിപ്പിക്കും. തിരുനക്കരയിൽ രാവിലെ 9 ന് 'വംശീയതയുടെ കാലത്തെ പെൺജീവിതം' എന്ന വിഷയത്തിൽ പി. സുരേന്ദ്രൻ നയിക്കുന്ന സെമിനാറുമുണ്ട്. മഹിളകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യൻ, ജില്ല പ്രസിഡന്റ് ഡോ. ശോഭ സലിമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.