കോട്ടയം : പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉത്പന്നങ്ങളും കവർ, പാത്രങ്ങൾ, കുപ്പികൾ, എന്നിവയുടെ ഉത്പാദനവും വിതരണവുമാണ് ജനുവരി 1 മുതൽ നിരോധിച്ചിരിക്കുന്നത്. എന്നാൽ, ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ പക്കൽ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് സ്റ്റോക്കിരിക്കുന്നത്. ആരോഗ്യമേഖലയെയും, ബിവറേജസ് കോർപറേഷനെയും മിൽമ്മയെയും അടക്കം നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 25 ലക്ഷത്തിലധികം പ്ലാസ്റ്റിക്കാണ് മിൽമയുടെ പക്കൽ സ്റ്റോക്കിരിക്കുന്നത്. ഇത് വിറ്റഴിക്കാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് മിൽമയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജനുവരി 1 മുതൽ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള നീക്കം ഉപേക്ഷിച്ച് , വ്യാപാരികൾക്ക് കൂടുതൽ സാവകാശം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.