കോട്ടയം: നാട്ടകം സഹകരണബാങ്കിന്റെ ശതാബ്ദി ആഘോഷം നാളെ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ജി. ശശികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 3.30ന് നടക്കുന്ന ആഘോഷപരിപാടികൾ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി സ്മാരകമായി നിർമിച്ച പുതിയ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും, സ്മരണിക പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. ബാങ്കിലെ ഓഹരി ഉടമകളായ മുതിർന്ന കർഷകരെ നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോനയും, മുതിർന്ന സഹകാരികളെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന അംഗങ്ങളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിയും ആദരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യസാംസ്കാരിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. സമ്മേളനത്തിന് ശേഷം ഈര ജി. ശശികുമാർ അവതരിപ്പിക്കുന്ന വയലിൻത്രയം സംഗീത നിശയും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി കെ.ബി. ശ്രീദേവി, ശതാബ്ദി ആഘോഷം സ്വാഗതസംഘം കൺവീനർ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.