കോട്ടയം: സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനം അടിയന്തരിമായി നിരോധിക്കണമെന്ന് ശ്രീനാരായണ പെൻഷനേഴ്സ് യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയം തിരുനക്കര എം.വിശ്വംഭരൻ ഹാളിൽ, ശമ്പള പരിഷ്കരണവും കാര്യക്ഷമത വളർത്തലും എന്ന വിഷയത്തിൽ സമിതി സംഘടിപ്പിച്ച സെമിനാറിലാണ് പ്രമേയം അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി അഴിമതി രാഷ്ട്രീയ അതിപ്രസരം എന്നിവ ബാധിച്ച 5 ശതമാനം ജീവനക്കാരെ വീതം വർഷംതോറും സർവീസിൽ നിന്ന് പിരിച്ചുവിടണം. ജനങ്ങളുടെ ആവശ്യങ്ങളും സർക്കാർ നയങ്ങളും അർപ്പണബോധത്തോടെ മനസിലാക്കി പ്രവർത്തിക്കുന്നവരെ പ്രാദേശികതലത്തിൽ അനുമോദിക്കണം. പ്യൂൺ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരെ രണ്ടുവർഷത്തേക്ക് സ്ഥലം മാറ്റരുത്, ഇപ്പോൾ ജീവനക്കാർക്ക് നൽകിവരുന്ന ആർജിത അവധി പണമായി നൽകുന്നതിന് പകരം വർഷത്തിലൊരിക്കൽ 20 ദിവസത്തെ യത്രാസൗജന്യം നൽകി 'ഭാരതദർശൻ' പരിപാടി നടപ്പിലാക്കണം. പെൻഷൻ ലഭിക്കുന്ന ഭാര്യയൊ ഭർത്താവൊ മരണപ്പെട്ടാൽ അവകാശിക്ക് അധികമായി നൽകുന്ന പെൻഷൻ അധാർമികമാണ്. അതുകൊണ്ട് 60 വയസ് കഴിഞ്ഞവർക്ക് ഒരുപെൻഷൻ മാത്രമായി നിജപ്പെടുത്തുക, പെൻഷൻ പ്രായം 60 വയസ് അല്ലെങ്കിൽ 30 വർഷത്തെ സർവീസ് എന്ന് നിജപ്പെടുത്തുക, സ്ത്രീകൾക്ക് 6 മാസത്തെ പ്രസവ അവധി എല്ലാ ആനുകൂല്യങ്ങളോടുംകൂടി നൽകുക, ഏറ്റവും കുറഞ്ഞ ശമ്പളം 15,000 രൂപയും കൂടിയത് 1 ലക്ഷം രൂപയെന്നും പെൻഷൻ കുറഞ്ഞത് 10,000 രൂപയും കൂടിയത് 60,000 രൂപയെന്നും നിജപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാർ ഉന്നയിച്ചു. പി.വി. ശശിധരൻ പ്രമേയം അവതരിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ മെമ്മോറാണ്ഡം സർക്കാരിനും ശമ്പളകമ്മീഷനും സമർപ്പിക്കാനും സമിതി തീരുമാനിച്ചു. ഡോ. രൺജി ഐസക്ക് മോഡറേറ്റർ ആയി. എം.കെ. കുമാരൻ, കെ.ജി. സതീഷ്, കുറിച്ചി സദൻ, മുഹമ്മദ് സീതി, കെ. കൃഷ്ണൻകുട്ടി, വി.കെ. ബാലകൃഷ്ണൻ, വി.ആർ. ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.