കോട്ടയം : വൈദ്യുതി ലൈൻ പൊട്ടിവീണ് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ നാല് കെ.എസ്.ഇബി ഉദ്യോഗസ്ഥർ അറസ്റ്റിൽ. എറണാകുളം തിരുവാങ്കുളം കോതകരിപ്പറമ്പ് വീട്ടിൽ ശ്രീധരന്റെ മകൻ ശ്രീജിത്ത് (43), മുട്ടുചിറ കാപ്പുന്തല പുരയ്ക്കൽ വീട്ടിൽ ജോബിൾ (41), മുട്ടുചിറ ആയാംകുടി മുക്കോണിൽ എം.കെ സുധീഷ്‌കുമാർ (49), ഞീഴൂർ വിളയംകോട് മണലുംപുറം വീട്ടിൽ എം.ടി സണ്ണി (55) എന്നിവരെയാണ് കടുത്തുരുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 13 ന് കടുത്തുരുത്തി പൂഴിക്കോൽ മുടിയാട്ട് കീഴൂർ ആപ്പാഞ്ചിറ റോഡിൽ കടുത്തുരുത്തി പൂഴിക്കോൽ ഉള്ളാടൻകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി പ്രശാന്ത് (35) ആണ് മരിച്ചത്. വൈദ്യുതിപോസ്റ്റിന്റെ കാലപ്പഴക്കമാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.