പാലാ: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നിന്ന് ഈരാറ്റുപേട്ടയിലേക്ക് ഡേ ആൻഡ് നൈറ്റ് മാർച്ച് നടത്തി. പാലാ മിനി മുനിസിപ്പൽ കോംപ്ലക്‌സ് പരിസരത്ത് നടന്ന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി. ജാഥ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നാസർ വി.എച്ച്. അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് ടോമി കല്ലാനി, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, സെക്രട്ടറിയേറ്റംഗം പി.എം. ഷരീഫ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. അഷറഫ്, നാസർ വെള്ളൂക്കുന്നേൽ, രാജേഷ് വാളിപ്ലാക്കൽ, ജെയ്‌സൺ മാന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജാഥാ ക്യാപ്ടൻ നാസറിന് തോമസ് ചാഴികാടൻ എം.പി. പതാക കൈമാറി.