പാലാ : സർക്കാരിന്റെ സപ്ലൈകോ സ്‌റ്റോറുകളിൽ സാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന് പരാതി. വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്നതിനായ സർക്കാർ ആരംഭിച്ച സപ്ലോകോ, മാവേലി സ്‌റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യതക്കുറവ് ജനത്തെ വലക്കുകയാണെന്നാണ് ആരോപണം. റേഷൻകാർഡുമായി എത്തുന്നവർക്ക് സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ ഏതാനും നാളുകളായി സ്‌റ്റോറുകൾ കാലിയായ അവസ്ഥയാണ്. പകുതിയിലേറെ സാധനങ്ങളും ലഭ്യമല്ലാത്ത സ്ഥിതിയാണെന്നും അധികൃതരോട് അന്വേഷിച്ചാൽ സിവിൽ സ്‌പ്ലൈ സ്‌റ്റോറുകളിൽ നിന്നും നൽകുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നുമാണ് പരാതി. പഞ്ചസാര, വെളിച്ചെണ്ണ, കറിക്കൂട്ടുകൾ, പയർ വർഗങ്ങൾ, അരി, ഗോതമ്പ് തുടങ്ങി വിലക്കുറവ് ലഭിക്കുന്ന സാധനങ്ങളാണ് പലപ്പോഴും ആളുകൾക്ക് ലഭിക്കാതെ വരുന്നത്. പതിവായി സ്റ്റോറുകളിലെത്തുന്ന ആളുകൾക്ക് പോലും ഇവ ലഭിക്കുന്നില്ലെന്ന ആരോപണമുണ്ട്. പാലാ പൗരസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌റ്റോറുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. യോഗത്തിൽ പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, ബേബി കീപ്പുറം, സോജൻ വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.