കോട്ടയം: കുമാരനല്ലൂരിൽ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന രീതിയിലുള്ള പ്രചാരണം വ്യാജമെന്ന് പരാതി. ആക്രമണത്തിന് ഇരയായ സുധി സുകുമാറിനും, പി.വി ദീപുവിനുമെതിരെ ഇവരുടെ അയൽവാസി കൂടിയായ പെൺകുട്ടിയാണ് സംസ്ഥാന-ജില്ലാ പൊലീസ് മേധാവികൾക്ക് പരാതി നൽകിയത്. പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബവും ദീപുവിന്റെ കുടുംബവും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നതായി ഇവർ ആരോപിക്കുന്നു. നേരത്തെ യുവതിയുടെ വീട്ടിലെത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് ദീപുവിനെതിരെ വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകിയിരുന്നതായും എന്നാൽ പൊലീസ് നടപടികൾ സ്വീകരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ക്രിസ്‌മസ് ദിനത്തിലും ദീപുവും സുഹൃത്തും സ്ഥലത്ത് എത്തി സംഘർഷമുണ്ടാക്കി. തുടർന്നുണ്ടായ അടിപിടിയിൽ ഇരുവർക്കും പരിക്കേൽക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. വീടിനുള്ളിൽ കയറിയെത്തി അസഭ്യം പറയുകയും, തന്നെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്‌തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് യുവതിയുടെ പരാതി.