കോട്ടയം: ക്രിസ്മസ് ദിനത്തിൽ പൂക്കുറ്റി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ മുപ്പതുപേരിൽ ബാലന്റെ നില അതീവ ഗുരുതരം. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് 14 കാരൻ. തൊടുപുഴയിലെ പടക്കക്കടയിൽ നിന്ന് വാങ്ങിയ പൂക്കുറ്റിയാണ് പൊട്ടിത്തെറിച്ചത്.
മീൻകുന്നം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. കരോളിനിടയിൽ സംഘത്തിലൊരാൾ പൂക്കുറ്റിക്ക് തീ കൊളുത്തുകയായിരുന്നു. ഉഗ്രശബ്ദത്തോടെ പൊട്ടിയ പൂക്കുറ്റി അവിടെയാകെ നാശം വിതച്ചു. മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ബാലനാണ് കൂടുതൽ പൊള്ളലേറ്റത്.
അപകടമുണ്ടാക്കിയ പൂക്കുറ്റി വിറ്റ കട തഹസീൽദാർ എത്തി പൂട്ടിച്ചു. അവിടെയുണ്ടായിരുന്ന പൂക്കുറ്റികൾ നശിപ്പിച്ചു. കുമാരമംഗലം സ്വദേശി ലിബോ ജോണിന്റെ പരാതിയിലാണ് ജില്ലാ കളക്ടർ പടക്കകടയ്കെതിരെ നടപടി സ്വീകരിച്ചത്.