കോട്ടയം: ഒരാഴ്ചയായി കാണാതായ മധ്യവയസ്കയെ കൈതോട്ടിലെ സ്ളാബിനടിയിൽ കണ്ടെത്തി.വാകത്താനം ചാക്കച്ചേരിൽ ദീപാ ചെറിയാനെയാണ് (46) വാകത്താനം പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ദീപയെ ബന്ധുക്കൾ ഏറ്റുവാങ്ങി. മനോദൗർബല്യമുള്ള ദീപയെ അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുപത്തിയൊന്നാം തിയതിമുതലാണ് ദീപയെ കാണാതായത്. ഇതോടെ
ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് വാകത്താനം സി.ഐ കെ.പി ടോംസൺ, എസ്.ഐ ചന്ദ്രബാബു എന്നിവർ അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ എസ്.ഐ ചന്ദ്രബാബു ദീപയെ വീടിനു പിറകിലുള്ള കൈത്തോട്ടിൽ നില്ക്കുന്നത് കണ്ടത്. സ്ളാബിനടയിലായിരുന്ന ദീപ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്. ശരീരം മുഴുവൻ ചെളിയിൽ നനഞ്ഞിരുന്ന ദീപയെ ഉടൻതന്നെ പൊലീസ് ആശുപത്രിയിലാക്കി. സംസാരിക്കാൻ പോലും കഴിയാത്ത വിധം അവശയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി.
ഇതിനിടയിൽ നാട്ടിൽ പലതരം കിംവദന്തികൾ പടർന്നിരുന്നു. ഏതായാലും ദീപയെ ജീവനോടെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.
മനോരോഗം ബാധിച്ചതിന് ചികിത്സയിലായിരുന്നു ദീപയെന്ന് ബന്ധുക്കൾ പറഞ്ഞു. ആരുമില്ലാത്ത അവസ്ഥ വന്നതോടെ അഞ്ചു വർഷം മുമ്പാണ് ദീപയുടെ വിവാഹം വീട്ടുകാർ നടത്തിയത്. ദീപയുടെ രണ്ടു സഹോദരങ്ങളും അമേരിക്കയിലാണ്.
ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നടത്തിയശേഷമാണ് പൊലീസ് ദീപയെ കോടതിയിൽ ഹാജരാക്കിയത്.