വർഷങ്ങളായി കോട്ടയത്ത് ഇട്ടു തല്ലിക്കിടന്ന പല വികസന പദ്ധതികൾക്കും തുടക്കമിടാൻ കഴിഞ്ഞുവെന്ന സന്തോഷത്തിൽ 2020ൽ ഏറെ പ്രതീക്ഷ അർപ്പിക്കുകയാണ് ചുറ്റുവട്ടം. ഏറ്റുമാനൂർ ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായതാണ് 2019 ലെ വലിയ നേട്ടം. എറണാകുളം തിരുവനന്തപുരം പാതക്കിടയിൽ ഈ 17 കിലോമീറ്റർ ദൂരം മാത്രമായിരുന്നു സ്ഥലമേറ്റെടുക്കലിൽ തട്ടി വർഷങ്ങളായി മുടങ്ങിക്കിടന്നത്. അതിന് പരിഹാരമായി. മറ്റു നടപടികൾ പൂർത്തിയാക്കി ഇരട്ടപ്പാതയിലൂടെ ട്രെയിൻ എന്ന് ഓടിത്തുടങ്ങുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും രണ്ടുവർഷത്തിനകമെങ്കിലും അത് സംഭവിക്കുമെന്ന് സ്വപ്നം കാണാവുന്ന സ്ഥിതിയായി.
ശബരിമല വിമാനത്താവളത്തിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ചതോടെ എരുമേലിയൽ നിന്ന് വിമാനമുയരുമെന്ന സ്വപ്നത്തിനും ചിറകു മുളച്ചു. ശബരി റെയിൽപാതയാണ് തട്ടിയും മുട്ടിയും എങ്ങുമെത്താതെ നിൽക്കുന്നത്. കടലില്ലാത്ത കോട്ടയത്താരംഭിച്ച നാട്ടകം പോർട്ടിനും ജീവൻവയ്പ്പിക്കാനുള്ള നീക്കം സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നതും ആശ്വാസ വാർത്തയാണ്. പ്രവർത്തനം നിലച്ച വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സാമ്പത്തിക ബാദ്ധ്യതകൾ തീർത്ത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടത്തുന്നതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ന്യൂസ് പ്രിന്റ് ഫാക്ടറിയും കണ്ണായ അഞ്ഞൂറ് ഏക്കറിലേറെ സ്ഥലവും മാർവാടികൾ അടിച്ചു മാറ്റിക്കൊണ്ടു പോയില്ലെന്ന് ആശ്വസിക്കാം. പൊതുമേഖലാ സ്ഥാപനമായ നാട്ടകം സിമന്റ്സ് വൈറ്റ് സിമന്റ് ഉത്പാദനം കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതും എങ്ങനെയും പൊതു മേഖലയിൽ നിലനിറുത്താൻ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപീകരിക്കുന്ന സിയാൽ മോഡൽ കമ്പനി കോട്ടയത്താണ് പ്രവർത്തനം ആരംഭിക്കുന്നത്. കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.
ചുറ്റുവട്ടം പല തവണ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും അതിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാരുടെ ചീത്തവിളിയും ഭീഷണിയും ഏറെ കേൾക്കുകയും ചെയ്ത മീറ്റർ പ്രശ്നത്തിൽ നട്ടെല്ലുയർത്തിപ്പിടിച്ച് കളക്ടർ ഇടപെട്ടതോടെ ഹുങ്ക് അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ മീറ്റർവയ്ക്കാൻ നിർബന്ധിതരാെങ്കിലും പലരും മീറ്റർ പ്രവർത്തിപ്പിക്കുന്നില്ല. കളക്ടറല്ല ഓട്ടോയിൽ കയറുന്ന യാത്രക്കാരാണ് മീറ്റർവയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിപ്പിക്കേണ്ടതും അമിത നിരക്ക് ഈടാക്കുന്നവർക്കെതിരെ പരാതി നൽകേണ്ടതും.
നാഗമ്പടം മുനിസിപ്പൽ പാർക്കും, കഞ്ഞിക്കുഴി മേൽപ്പാലവും തുറന്നു. ഈരേക്കടവ് മണിപ്പുഴ റോഡ് ടാറിംഗായി, എട്ടുകാലി വലപോലുള്ള ആകാശപാതയ്ക്ക് വീണ്ടും ജീവൻവയ്ക്കുമെന്ന പ്രതീക്ഷയായി. കരാർകാർ ഉപേക്ഷിച്ച കോടിമത പാലം, കെ.എസ്.ആർ.ടി.സി കോംപ്ലക്സ് എന്നിവയ്ക്ക് കൂടി 2020ൽ ശാപമോക്ഷമാകട്ടെയെന്ന് നമുക്ക് ആശംസിക്കാം. ചുറ്റുവട്ടത്തിന് ജാതിയും മതവുമില്ല. നല്ലത് കണ്ടാൽ പ്രശംസിക്കും ചീത്തയെങ്കിൽ മുഖം നോക്കാതെ വിമർശിക്കും. രാഷ്ട്രീയത്തിന്റെയും മറ്റ് നിസാര കാര്യങ്ങളുടെയും പേരിൽ കോട്ടയത്തെ വികസനം മുരടിപ്പിക്കരുതെന്നാണ് എല്ലാവരോടും അപേക്ഷിക്കാനുള്ളത്.