കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയിലൂടെ കാർഷികമേഖലയിലുണ്ടായ വിപ്ലവമാണ് 2019 ൽ കോട്ടയത്തിന് എടുത്തു പറയാനുള്ളത്. ജലസംരക്ഷണത്തിനുള്ള ദേശീയ പുരസ്കാരവും ഇതിന്റെ പേരിൽ ജില്ലയ്ക്ക് നേടിയെടുക്കാനായി. ജില്ലയിലെ 700 കിലോമീറ്റർ നീർച്ചാലുകൾ തെളിച്ചെടുത്തു. രണ്ടു വർഷത്തിനുള്ളിൽ മൂവായിരം കിലോമീറ്റർ നീളത്തിൽ തോട് വെട്ടി. അയ്യായിരം ഏക്കർ തരിശുനിലങ്ങൾ കൃഷിഭൂമിയാക്കി. ഒന്നരക്കോടിയോളം രൂപ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് നൂറിൽപരം പ്രാദേശിക ജനകീയ കൂട്ടായ്മകൾ നടത്തിയ 'ഹരിതവിപ്ലവം ' കോട്ടയത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മുപ്പതോളം സംഘടനകളെയും വ്യക്തികളെയും ഒപ്പം അണിനിരത്തി രാഷ്ട്രീയത്തിനതീതമായുള്ള ജനകീയ കൂട്ടായ്മയും നവമാദ്ധ്യമ കൂട്ടായ്മയും ഒത്തു ചേർന്ന അനൗപചാരിക സംഘടനാരൂപമാണ് വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്. ആറുകളിലും തോടുകളിലും വെള്ളം കെട്ടിക്കിടന്ന് മലിനമായി രോഗം പരത്താതെ ഒഴുകേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതോടെ പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യത്തിലെത്താനുള്ള വഴികളാണ് ഈ നിശബ്ദ വിപ്ലവം വഴി തുറന്നത്. ഇത് അവസാനിക്കുന്നില്ല തുടരുകയാണ്.

കോടിമതയിൽ മൊബിലിറ്റി ഹബ് പണിയാൻ ഉദ്ദേശിച്ച നൂറേക്കറിലേറെ സ്ഥലം കൃഷിക്ക് തരിച്ചു ൽകാൻ ആർ.ഡി.ഒ ഉത്തരവായതോടെ കോടിമതയിലും നെൽകൃഷി ആരംഭിക്കുമെന്നുറപ്പായി. തരിശുരഹിത കോട്ടയമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതോടെ നെൽ ഉത്പാദനത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടാകും. ടൂറിസം രംഗത്തും വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ലോകത്ത് ആവശ്യം കണ്ടിരിക്കേണ്ട സവിശേഷ ടൂറിസം സ്പോട്ടിലേക്ക് കുമരകവും ഉയർത്തപ്പെട്ട വർഷമായിരുന്നു 2019. കോട്ടയത്തെ വയലുകളിൽ എല്ലാവർഷവും വിരിയുകുയും പെട്ടെന്ന് നശിക്കുകയും ചെയ്യുന്ന ആമ്പൽപ്പൂവുകളെ മാർക്കറ്റ് ചെയ്ത് ടൂറിസ്റ്റുകളെ ആകർഷിക്കാനാകുമെന്നും തെളിയിച്ചു. തിരുവാർപ്പ് മലരിക്കൽ പ്രദേശവും പനച്ചിക്കാടും കവണാറ്റിൻകരയുമൊക്കെ കേരളത്തിൽ ആമ്പൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറ്റാനായി.

വേമ്പനാട്ടുകയലിലും ആമ്പൽ പൂക്കൾ വിടർന്നത് കാണിക്കാൻ ശിക്കാരവള്ളത്തിൽ ടൂറിസ്റ്റ്കളെ എത്തിക്കനായതും വലിയ മാറ്റമുണ്ടാക്കി. കുമരകത്തിനൊപ്പം. തിരുവാർപ്പ്, അയ്മനം, അതിരമ്പുഴ പഞ്ചായത്തുകളും പിൽഗ്രിം, ഹെരിറ്റേജ്, ഫാം ടുറിസ്റ്റ് കേന്ദ്രങ്ങളായി മാറി കോട്ടയത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഡസ്റ്റിനേഷനായി മാറ്റുന്നതിന്റെ തുടക്കവുമായി.

പ്രതീക്ഷ സിയാൽ മോഡൽ റബർ ഫാക്ടറി

വിലത്തകർച്ചയോടെ നഷ്ടക്കയത്തിലായ റബർ കർഷകർ മറ്റു കൃഷികളിലേക്ക് തിരിയുകയാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബലൂൺ മുഥൽ ടയർ വരെ നിർമ്മിക്കാൻ കഴിയുന്ന സിയാൽ മോഡൽ റബർ ഫാക്ടറി കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സബ്സിഡി നിറുത്തി പകരം കർഷക വായ്പയെന്ന പ്രഖ്യാപനം നടത്തുന്ന റബർ ബോർഡിന്റെ പ്രതാപകാലം ഏതാണ്ട് അസ്തമിച്ചതിനാൽ ജനങ്ങൾക്ക് ഇനി പ്രതീക്ഷ സ്വകാര്യ സർക്കാർ പങ്കാളിത്തത്തോടെയുള്ള പുതിയ റബർ ഫാക്ടറിയിലാണ്.