ചങ്ങനാശേരി: ഇത് എന്താ ഡംപിംഗ് യാഡോ...? കുരിശുംമൂട് എത്തിയാൽ ആരായാലും അറിയാതെ ചോദിച്ചുപോകും. ആയിരങ്ങൾ വന്നുപോകുന്ന ജംഗ്ഷനിൽ വീണ്ടും മാലിന്യം കുന്നുകൂടുകയാണ്. പത്രവാർത്തയെ തുടർന്ന് ആഴ്ചകൾക്ക് മുൻപ് നഗരസഭയുടെ ശുചീകരണ വിഭാഗം ജംഗ്ഷനിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ വീണ്ടും മാലിനമാകാൻ അധിക ദിവസം വേണ്ടിവന്നില്ല. സ്‌കൂൾ വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ചാക്ക് കണക്കിനു മാലിന്യക്കെട്ടുകളാണ് പൊതുനിരത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്. റോഡിലേക്ക് മലിനജലം ഒഴുകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെയും ഭക്ഷണശാലകളിലെയും മാലിന്യമാണ് ഇവിടെ തള്ളുന്നത്. ശുദ്ധജലപൈപ്പ് പൊട്ടിയതോടെയാണ് മാലിന്യം റോഡിലേക്ക് വ്യാപിച്ചത്. മലിനജലത്തിൽ ചവിട്ടിയാണ് കാൽനടയാത്രക്കാർ കടന്നുപോകുന്നത്. നഗരസഭ യഥാസമയങ്ങളിൽ മാലിന്യം നീക്കം ചെയ്യാത്തതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കാൻ കാരണം. റേഡിയോ മീഡിയ വില്ലേജ്, ഓട്ടോ- ടാക്സി സ്റ്റാൻഡ് എന്നിവയുടെ തൊട്ടടുത്താണ് മാലിന്യ പോയിന്റ്. സമീപത്തുള്ള ട്രാൻസ്ഫോമറിനോട് ചേർന്നാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതായി പരാതിയുണ്ട്.
നടത്തം നടുറോഡിൽ
മാലിന്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കാൽനടയാത്രക്കാർ റോഡിനു മധ്യഭാഗത്തിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടത്തിന് കാരണമാകുന്നു. മാലിന്യങ്ങൾ അഴുകിയതിനെ തുടർന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഓട്ടോ- ടാക്സി ഡ്രൈവർമാർക്കും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങൾക്കുമാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.